തിരുവില്വാമല: പ്രളത്തിനുശേഷം ജലമിറങ്ങിയ നിളയുടെ തീരങ്ങളിൽ വ്യാപക കൈയേറ്റം. നീർച്ചാലായ ഭാരതപ്പുഴയുടെ പാന്പാടി കോതന്പ്രത്ത്പടി പൂതക്കയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപമാണ് സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കന്പിവേലിയിടുന്നത്.
കൈയേറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കന്പിവേലി നിർമിക്കുന്നത് തടഞ്ഞു. ആറാം വാർഡ് നിവാസികളായ നിരവധിയാളുകൾ ഒപ്പിട്ട് പരാതി പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് നൽകി. ഇവിടെ നേരത്തെ ഉണ്ടായിരുന്ന കന്പിവേലി പ്രളയത്തിൽ ഒലിച്ചുപോയിരുന്നു.
വെള്ളമിറങ്ങിയ ഉടനെ പുഴയിലേക്ക് ഇറക്കി കന്പിവേലി സ്ഥാപിക്കുകയായിരുന്നു. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ വാരാൻ മണൽ മാഫികളുടെ നീക്കങ്ങളും സജീവമാണ്. സ്വാഭാവിക നീർച്ചാലുകളായ പുഴകളുടെ കൈയേറ്റങ്ങളെ ബലമായി പിടിച്ചെടുത്ത് പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തടയാനായില്ലെങ്കിൽ ഇനിയുള്ള ദുരന്തം ഇതിലും വലുതാകും.