തൃശൂർ: ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചുപേരുണ്ടെന്ന് കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ജുഡീഷ്യൽ കമ്മീഷനു മുന്നിൽ ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും പത്മജ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരുണാകരനെ ലക്ഷ്യമിട്ട് നന്പി നാരായണനെ കരുവാക്കുകയായിരുന്നുവെന്നും. ഉദ്യോഗസ്ഥർ ചിലരുടെ കയ്യിലെ ചട്ടുകമാവുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. നന്പിനാരായണന് അനുകൂലമായ വിധി വന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സത്യം പുറത്തുവരുമെന്ന് തന്റെ പിതാവ് പ്രതീക്ഷിച്ചിരുന്നതായും പത്മജ പറഞ്ഞു. സത്യം എന്തായാലും പുറത്തുവരും. ഇനിയും ഇതിൽ ഗൂഢാലോചന പുറത്തുവരാനുണ്ട്.
ഇത് ചെറിയ തുടക്കം മാത്രമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയനീക്കങ്ങൾ പുറത്തുവരണം. ഇപ്പോൾ സുരക്ഷിതമെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തിൽ പുറത്തുവരും. നീതി നടപ്പാകുമെന്നാണ് വിശ്വസിക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു കെ.കരുണാകരൻ.
അദ്ദേഹം വിശ്വസിച്ച് കൂടെ നിർത്തിയവരെല്ലാം ഈ ഗൂഢാലോചനയുടെ കൂടെ കൂടി. അതിന് മുകളിൽ നിന്നുള്ള സപ്പോർട്ടും ഉണ്ടായിരുന്നു. സ്വന്തം ഗ്രൂപ്പിലുള്ളവരും അതിന് കൂട്ടുനിന്നു. അതെക്കുറിച്ച് ജുഡീഷ്യറിക്ക് മുന്നിൽ പറയാൻ എനിക്കൊരു അവസരം കിട്ടുമോ എന്ന് നോക്കട്ടെ. അങ്ങിനെ ഒരു അവസരം ലഭിച്ചാൽ പറയേണ്ട പേരുകൾ ഞാൻ പറയും.
അഞ്ച് നേതാക്കൾ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ടെന്ന് പത്മജ സൂചിപ്പിച്ചു. അവർ കോണ്ഗ്രസിലെയാണോ എന്ന് ചോദിച്ചപ്പോൾ അതൊന്നും പറയില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. കരുണാകരനെതിരെയുള്ള കരുനീക്കങ്ങളും ഗ്രൂപ്പിന്റെ പേരിലുള്ള പ്രതികാരങ്ങളും രാജൻ കേസ് മുതൽ തന്നെ തുടങ്ങിയതാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയാണ് ഞാൻ. അതിനാൽ പരസ്യമായി ഒന്നും വിളിച്ചുപറയില്ല. ജുഡീഷ്യറിക്ക് മുന്നിൽ സത്യങ്ങൾ വെളിപ്പെടുത്തുന്നത് എന്റെ അച്ഛന് നീതികിട്ടാനാണ്. ഇത് മൂന്ന് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങിനിൽക്കില്ല. അതുകൊണ്ടുതന്നെ ജുഡീഷ്യൽ അന്വേഷണം എ്ന്റെയടുത്തുമെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അമ്മ മരിച്ച സമയത്ത് അച്ഛൻ മാനസികമായി ആകെ തളർന്നിരിക്കുകയായിരുന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്ന് വെച്ചാലോ എന്ന് ചിന്തിച്ചിരുന്ന സമയമായിരുന്നു അത്. മാനസികമായി തളർന്ന സമയത്തായിരുന്നു അച്ഛന് ആ അടി കിട്ടിയത്. അതുകൊണ്ടുതന്നെ അച്ഛൻ മന:പൂർവം ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യമുള്ള സമയത്തായിരുന്നു ഇതെല്ലാം സംഭവിച്ചതെങ്കിൽ അച്ഛൻ തളരില്ലായിരുന്നു.
അച്ഛന്റെ നീതിക്ക് വേണ്ടി പോരാടുന്ന മകളാണ് താനെന്നും പത്മജ ഓർമിപ്പിച്ചു. നന്പി നാരായണന് ലഭിക്കുന്ന നീതി തന്റെ പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്ന് അവർ പറഞ്ഞു. കരുണാകരനെ മരണം വരെ വേദനിപ്പിച്ച കേസായിരുന്നു ഐഎസ്ആർഒ ചാരക്കേസെന്നും പത്മജ പറഞ്ഞു.നീതി കിട്ടാത്തത് കരുണാകരന് മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു.