രാജ്യത്ത് ഇന്ധവില തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നു. രാജ്യമെങ്ങും ഇതിനെതിരെ പ്രതിഷേധവും കനക്കുന്നു. എന്നാല്‍ എത്രയൊക്കെ പ്രതിഷേധം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കല്ലിന് കാറ്റ് പിടിച്ച അവസ്ഥയിലാണ് തുടരുന്നത്.
യുപിഎ കാലത്തെ ഇന്ധന വിലവര്‍ധന ചൂണ്ടിക്കാട്ടി ഭരണത്തിലേറിയവര്‍ക്ക് ഇപ്പോള്‍ തലവേദനയാണ്, ദിനംപ്രതിയുള്ള ഇന്ധന വിലകയറ്റം. ഇതിന് പല ന്യായങ്ങളും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
ഇതിനിടയിലാണ് ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി രേഷ്മ രാജീവിന്റെ പ്രസ്താവന. ‘എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുല്‍ഗാന്ധിജി എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുന്നതാ’. എന്നതായിരുന്നു രേഷ്മ രാജീവിന്റെ ട്വിറ്ററിലൂടെയുള്ള പ്രസ്താവന.
അതിനെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ ദാസ്. വേറെയും നേതാക്കളും പ്രവര്‍ത്തകരും അണികളും ഇതേറ്റെടുത്തിട്ടുണ്ട്. ടി ജി മോഹന്‍ദാസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനുനേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍ ബിജെപി വിരോധികള്‍. ഇന്ധനവില വര്‍ധിക്കുന്നില്ലെന്ന് കാണിക്കാനായി ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗ്രാഫിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.
എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി രാഹുൽഗാന്ധിജി എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം 1000 രൂപക്ക് ഒരു ലിറ്റർ പെട്രോൾ അടിക്കുന്നതാ…
— Reshmarajeev (@reshmarajeev23) September 12, 2018