മഞ്ചേരി: ഇന്നലെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഫാർമസിസ്റ്റ് അബ്ദുൾ നാസറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി.പി.ഫിറോസ്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി വി.പി.ഷമീർ എന്നിവർ ആവശ്യപ്പെട്ടു.
അമിത ജോലി ഭാരമാണ് അബ്ദുൾ നാസറിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നു ഇവർ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് അബ്ദുൾനാസർ ജോലിയിൽ പ്രവേശിച്ചത്. മങ്കട പള്ളിപ്പുറം സ്വദേശിയായ നാസറിനെ സമീപ പ്രദേശമായ ആനക്കയത്തും മഞ്ചേരിയിലും ഒഴിവുണ്ടായിരിക്കെ അന്‍പതോളം കിലോമീറ്റർ അകലെയുള്ള കോട്ടോപ്പാടം സിഎച്ച്സിയിലേക്ക് മാറ്റിയത് ഭരണാനുകൂല സംഘടനയിൽ അംഗത്വമെടുക്കാത്തതിനെന്ന് ആരോപണമുണ്ട്.
ജോലിഭാരം താങ്ങാനാവാതെയാണ് അബ്ദുൾനാസർ ആത്മഹത്യ ചെയ്തതെന്നാരോപിച്ച് വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.