നെടുമങ്ങാട്: പ്രളയക്കെടുതിയിൽനിന്നു കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി നെടുമങ്ങാട് താലൂക്കിന്റെ സംഭാവന നാലേകാൽ കോടിയിലേറെ രൂപ..! രാവിലെ പത്തിനു തുടങ്ങിയ ധനശേഖരണം മൂന്നു മണിക്കൂർ കൊണ്ട് 4,26,29,525 രൂപയിലെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർഥം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ധനശേഖരണ യജ്ഞം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.
കരകുളം പഞ്ചായത്താണ് ഏറ്റവും കൂടുതൽ തുക നൽകിയത്.
50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് അധികൃതർ മന്ത്രിക്കു കൈമാറി. നെടുമങ്ങാട് താലൂക്ക് ഓഫിസ് 42 ലക്ഷം നൽകി. 38 ലക്ഷം രൂപയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവന.നെടുമങ്ങാട് മുനിസിപ്പാലിറ്റി 25 ലക്ഷവും അരുവിക്കര പഞ്ചായത്ത് 20 ലക്ഷവും പനവൂർ, നന്ദിയോട്, കല്ലറ, തൊളിക്കോട്, നെല്ലനാട് പഞ്ചായത്തുകൾ പത്തു ലക്ഷം വീതവും നൽകി.
സർക്കാർ വകുപ്പുകൾക്ക് പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നെടുമങ്ങാട് താലൂക്കിലെ ജനങ്ങൾ അകമഴിഞ്ഞു സംഭാവന നൽകിയതിനു സർക്കാരിന്റെ പേരിൽ നന്ദി അറിയിക്കുന്നതായി ധനശേഖരണ യജ്ഞത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
നൂറ്റാണ്ടിനിപ്പുറം കേരളത്തിലുണ്ടായ വലിയ പ്രളയക്കെടുതിയിൽനിന്നു കരയേറാൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കുന്നുവെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.എ. സമ്പത്ത് എംപി, എംഎൽഎമാരായ സി. ദിവാകരൻ, ഡി.കെ. മുരളി, കെ.എസ്. ശബരീനാഥൻ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, എഡിഎം വി.ആർ. വിനോദ് തുടങ്ങിയവർ ധനശേഖരണ യജ്ഞത്തിനു നേതൃത്വം നൽകി.