മുത്തച്ഛന്‍ സമ്മാനിച്ച സ്വര്‍ണ്ണമാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി! ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രിയുടെ സുമനസിന് കേരളത്തിന്റെ കയ്യടി

പ്രളയത്തില്‍ അകപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനായി സര്‍ക്കാര്‍ ശേഖരിച്ചു വരുന്ന ദുരാതശ്വാസ നിധിയിലേക്ക് വളരെ നല്ല രീതിയിലാണ് സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരനും ശതകോടീശ്വരരുമെല്ലാം തങ്ങളാലാവുന്നത് സംഭാവനയായി നല്‍കുന്നു. സര്‍ക്കാര്‍ ജീവനക്കാരാവട്ടെ തങ്ങളുടെ ഒരു മാസത്തെ ശമ്പളം തന്നെ നല്‍കുന്നു.

കൊച്ചുകുട്ടികള്‍ തങ്ങളുടെ ആകെയുള്ള സമ്പാദ്യം പോലും സംഭാവനയായി നല്‍കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സമാനമായ രീതിയില്‍ ആറ്റുനോറ്റു, കഴുത്തിലണിയാന്‍ കിട്ടിയ സ്വര്‍ണ്ണമാല ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

മുത്തച്ഛന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയ സ്വര്‍ണമാല ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ 11 വയസ്സുകാരി ഗായത്രിക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. കല്ലുമൂട് ഏഞ്ചല്‍സ് ആര്‍ക്കിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഗായത്രിയാണ് സ്വന്തം കഴുത്തില്‍ കിടന്ന ഒരു പവനോളം വരുന്ന മാല ഊരി നല്‍കി ഏവരേയും അമ്പരിപ്പിച്ചത്.

കായംകുളം എംഎസ്എം കോളജിലെ ചരിത്ര അധ്യാപകനായ ഡോ. ടി.ആര്‍.മനോജിന്റെയും ജിഷമോളുടേയും മകളായ ഗായത്രി അങ്ങനെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും പങ്കാളിയായതിന്റെ സന്തോഷത്തിലാണ്. എംഎസ്എം കോളജില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകലാശാല വിദ്യാര്‍ഥികളുടെ ധനസമാഹരണ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനു ഗായത്രി തന്റെ മാല ഊരി നല്‍കിയത്. അനിയന്‍ ആദിത്യനും ഒപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ സഹായമായി എന്തെങ്കിലും കൊടുക്കണമെന്നു മനസ്സില്‍ കരുതിയെങ്കിലും ആകെ സമ്പാദ്യമായി കയ്യിലുള്ളതു സ്വര്‍ണമാലയായിരുന്നു. ആഗ്രഹത്തിനു വീട്ടുകാരും സമ്മതം മൂളിയതോടെ തനിക്കു പ്രിയപ്പെട്ട മാല സംഭാവനയായി നല്‍കുകയായിരുന്നു എന്നു ഗായത്രി പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടു കരീലക്കുളങ്ങര തച്ചന്റെ മുക്കിനു സമീപം താമസിക്കുന്ന ഗായത്രിയുടെ കുടുംബം അങ്കമാലി കാലടി സര്‍വകലാശാലയ്ക്കു സമീപമുള്ള മാണിക്യമംഗലത്താണ്. ഇവരുടെ വീട്ടിലും വെള്ളം കയറിയിരുന്നു.

Related posts