സിഡ്നി: പ്രഫഷണല്‍ ഫുട്ബോള്‍ താരമാകാന്‍ തയാറെടുക്കുന്ന ഉസൈന്‍ ബോള്‍ട്ടിനെ പ്രതിരോധത്തില്‍ കളിപ്പിക്കാന്‍ സ്പെയിനു 2010 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന് വിസെന്റെ ഡെല്‍ ബോസ്ക്. അത്ലറ്റിക്സില് ഇതിഹാസമായ ബോള്‍ട്ട് ഫുട്ബോളില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. ബോള്‍ട്ടിന് ഫുട്ബോള്‍ പരിശീലനത്തിനായി ഓസ്ട്രേലിയന്‍ ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് അവസരം നല്‍കിയിട്ടുണ്ട്.
ക്ലബ്ബിന്റെ കരാറിനായി എട്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ബോള്‍ട്ട് കഠിനപരിശീലനത്തിലാണ്. കഴിഞ്ഞ മാസം താരത്തെ മറൈനേഴ്സിനൊപ്പം അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു സൗഹൃദ മത്സരത്തില്‍ 20 മിനിറ്റ് ബോള്‍ട്ടിനെ ഇറക്കിയിരുന്നു. ഇടതുവിംഗിലാണ് കളിപ്പിച്ചത്.
ബോള്‍ട്ടിന് മികച്ചൊരു ഫുട്ബോളറാകാന്‍ കഴിയുമെന്നും മുന്നില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിരോധത്തില്‍ കളിക്കുന്നതാണെന്നും ഡെല്‍ ബോസ്ക് ഉപദേശിച്ചു. പ്രതിരോധത്തിലാകുമ്പോള്‍ കളിക്കാന്‍ കൂടുതല്‍ സ്പെയ്സ് ലഭിക്കുമെന്നും എന്നാല്‍ ഇത് അത്ലറ്റിക്സില് 100, 60, 70 മീറ്റര്‍ ഓടുന്നതുപോലെയല്ലെന്നും അദ്ദേഹം പറഞ്ഞു.