കേരളക്കരയൊന്നാകെ നിറഞ്ഞ മനസോടെ അനുഗ്രഹിച്ച ഒരു ദമ്പതികളുണ്ട്. കാന്‍സറിനെ വെല്ലുവിളിച്ച് വിവാഹിതരായ സച്ചിന് ഭവ്യ ദമ്പതികള്‍. പ്രണയിനിക്ക് കാന്‍സറാണെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപോവാതെ അവളെ സ്വന്തമാക്കിയ സച്ചിനെ മലയാളികള്‍ ഏവരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ അനുഗ്രഹിച്ച് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കായി ഈ ദമ്പതികള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നു.
ഡോക്ടേഴ്സ് പങ്കുവച്ച പോസിറ്റീവ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സച്ചിന് തന്നെയാണ്. ഭവ്യയുടെ ശരീരത്തില്‍ നിന്ന് കാന്‍സര്‍ പിടിവിട്ടു തുടങ്ങിയതിന്റെ സൂചനകള്‍ ഡോക്ടര്‍മാര്‍ നല്കിയത്രേ കാന്‍സര്‍ എന്ന വില്ലനെ തോല്‍പ്പിച്ചു തുടങ്ങിയ സന്തോഷവാര്‍ത്തയെക്കുറിച്ച് സച്ചിന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ :-
‘വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി. ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റിവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥനയാണെന്ന് സാരം.
ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്, സ്നേഹിച്ചതിന്, ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷന് തയാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കുക.’
പരസ്പരം പ്രണയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിലാണ് ഭവ്യയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ പാതിവഴിയില്‍ പ്രണയത്തെ ഉപേക്ഷിക്കാതെ രോഗത്തെ അതിജീവിക്കാന്‍ ഭവ്യയെ മാനസികമായി തയാറെടുപ്പിച്ചുകൊണ്ട് സച്ചിന് അവളുടെയൊപ്പം നിന്നു. അവളുടെ ചികിത്സയ്ക്കുവേണ്ടി തന്റെ പഠനം പാതിവഴയിലുപേക്ഷിച്ച് അവന് ജോലിചെയ്യാനിറങ്ങി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ വിവാഹനിശ്ചയം നടത്തി.
കീമോ ചികിത്സ പുരോഗമിക്കുന്നതിനിടയില്‍ ഭവ്യയ്ക്ക് സച്ചിന് താലി ചാര്‍ത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുടെ പ്രണയകഥ പുറംലോകമറിഞ്ഞത്.