വൈക്കം: വെള്ളപ്പൊക്ക പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടം മനസിലാക്കുന്നതിനായി ലോകബാങ്ക് സംഘം താലൂക്കിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വെച്ചൂർ, തലയാഴം, വൈക്കം നഗരസഭ, ഉദയനാപുരം, ചെന്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറന്പ് പഞ്ചായത്തുകളിൽ സംഘം പരിശോധന നടത്തി.
ലോക ബാങ്ക് പ്രതിനിധി ദീപക് സിംഗ് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രതിനിധി അനിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാ മഹേഷ്, കാർത്തിക ലക്ഷ്മൻ, മെഹുൽ ജെയിൻ, നാഹോഷിബുയ, ഇന്ദ്രാനിൽ ബോസ്, അനുഷ്കാ ശർമ്മ, രമിതാ ചൗധരി, മസത്സുകു, മാത്യൂസ് കെ. മുല്ലക്കൽ എന്നിവരടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരായ സംഘം രണ്ട് ബാച്ചുകളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.
വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ, റോഡുകൾ, വിവിധയിനം കൃഷികൾ നശിച്ച കൃഷിയിടങ്ങൾ, കുടിവെള്ള ശ്രോതസുകൾ എന്നിവ സന്ദർശിച്ചു. മൂവാറ്റുപുഴയാറിന്റെ വെട്ടിക്കാട്ട് മുക്ക് ഭാഗത്ത് തീരം ഇടിഞ്ഞതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളും സംഘം പരിശോധിച്ചു.