കോട്ടയം: ഇരുന്പനത്തുനിന്നു ദ്രവഇന്ധനവുമായി തിരുനെൽവേലിക്കുപോയ ഗുഡ്സ് ട്രെയിനിൽ ചോർച്ചയും തീപ്പൊരിയും ഉണ്ടായതിനെപ്പറ്റിയും ചോർച്ച പരിഹരിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിൻ ഓടിച്ചുപോയതിനെപ്പറ്റിയും റെയിൽവേ അന്വേഷണം നടത്തും. മുന്നറിയിപ്പില്ലാതെ ട്രെയിൻ ഓടിച്ചു പോയ ലോക്കോ പൈലറ്റിന്റെ നടപടിയ്ക്കെതിരേ തിരുവനന്തപുരം ഡിവിഷണൽ മാനേജറെ അറിയിച്ചിട്ടുണ്ടെന്ന് കോട്ടയം റെയിവെ മാനേജർ രാജൻ നൈനാൻ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1.15നു മുട്ടന്പലം പാറയ്ക്കൽ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു സംഭവം. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച വാഗണുകളുമായി പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്റ്റേഷനിൽനിന്നു പുറപ്പെട്ടു രണ്ടാം നന്പർ തുരങ്കം പിന്നിട്ടപ്പോഴാണു പിൻഭാഗത്തെ വാഗണുകളിലൊന്നിന്റെ മുകളിൽ തീപ്പൊരി കണ്ടത്.
വിവരം നാട്ടുകാർ ഉൾപ്പടെ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ലോക്കോപൈലറ്റ് വണ്ടി നിർത്തി. പരിശോധനയിൽ ഡീസൽ നിറച്ച വാഗണുകളിലൊന്നിൽനിന്ന് ഇന്ധനച്ചോർച്ചയുണ്ടായതായി കണ്ടെത്തി. ടാങ്കിന്റെ അടപ്പ് സീൽ ചെയ്തതിന്റെ തകരാർ മൂലമാണ് ഇന്ധനം പുറത്തേക്കു ചോർന്നത്. ചോർച്ച പരിഹരിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിൻ ഓടിച്ചുപോയതു വിവാദമായിട്ടുണ്ട്.
തകരാർ പരിഹരിച്ചുകൊണ്ടിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇരുവശത്തേക്കും ചാടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.ഇന്നലെ ഉച്ചകഴിഞ്ഞു മുട്ടന്പലം പാറയ്ക്കൽ റെയിൽവേ ഗേറ്റിനുസമീപം പിടിച്ചിട്ടു പരിശോധന നടക്കുന്നതിനിടെയാണു ട്രെയിൻ ഓടിച്ചുകൊണ്ടുപോയത്.
ഈസമയം എട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ട്രാക്കിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ട്രെയിൻ നീങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട ഇവർ ട്രാക്കിൽനിന്ന് വശങ്ങളിലേക്കു ചാടിമാറി രക്ഷപ്പെട്ടു. റെയിൽവേ ട്രാക്കിലും കണ്ടെയ്നറിലും കാണപ്പെട്ട ഡീസലിന്റെ അംശം നീക്കുന്നതിനു മുന്‍പു ട്രെയിൻ യാത്ര തുടർന്നത് അപകടകരമായിരുന്നെന്നും ആരോപണമുണ്ട്.
മുട്ടന്പലത്തു റെയിൽവേയുടെ സുരക്ഷ പരിശോധനയ്ക്കു ശേഷം യാത്ര തുടർന്നാൽ മതിയെന്ന റെയിൽവേ മാനേജരുടെ നിർദേശവും അവഗണിച്ചെന്നാണ് ട്രെയിൻ കൊണ്ടുപോയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.രണ്ടാം നന്പർ തുരങ്കം കടന്നപ്പോൾ ടാങ്കറിന്റെ അടപ്പിനു തകരാർ സംഭവിക്കുകയും വൈദ്യുതി ലൈനുമായുള്ള സന്പർക്കത്തിൽ തീപിടിച്ചതാകാമെന്നും സംശയിക്കുന്നു.
ട്രെയിൻ പെട്ടെന്നു നിർത്തിയപ്പോൾ അൽപ്പം കൂടുതൽ ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും തീയണഞ്ഞിരുന്നു. ഇതിനിടെ, വിവരം അഗ്നിശമന സേനയെ അറിയിച്ചു. സമീപത്തെ രണ്ടു റെയിൽവേ പാലങ്ങൾ വഴി ഫയർഫോഴ്സ് എത്തി. വിശദ പരിശോധനയിൽ ആറു വാഗണുകളിൽനിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തി.
താത്കാലികമായി ചോർച്ച പരിഹരിച്ചു ട്രെയിൻ ചിങ്ങവനം സ്റ്റേഷനിലേക്കു മാറ്റി. സംഭവത്തെത്തുടർന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ്, ലീഡിംഗ് ഫയർമാൻ സുഭാഷ് കുമാർ, ഫയർമാന്മാരായ പി.എസ്. അരുണ്‍, ടി.വി. വിതീഷ്, എ.എസ്. ശ്രീകുമാർ, അരുണ്‍ ചന്ദ് എന്നിവർ നേതൃത്വം നൽകി.