റാന്നി: പ്രളയക്കെടുതിയിലായ റാന്നിയിൽ രുക്ഷമായ പൊടിശല്യം ഒഴിവാക്കാൻ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്കുള്ള ഇടവഴി താത്കാലികമായി അടച്ചു. ബസുകൾ സ്റ്റാൻഡിലേക്ക് ഇറങ്ങിവന്ന മണ്റോഡിൽ വൻതോതിൽ പൊടിപടലങ്ങളുയർന്ന് യാത്രക്കാർക്കും സ്റ്റാൻഡിലെ വ്യാപാരികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ രാഷ്ട്രദീപിക ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് റാന്നി തഹസീൽദാർക്കു നൽകിയ നിർദേശത്തേ തുടർന്നാണ് താത്കാലികമായ വഴി അടച്ചത്.
ബസ് സ്റ്റാൻഡിനും ബൈപാസ് റോഡിനും മധ്യേ വയൽ നികത്തിയെടുത്ത 150 മീറ്ററോളം താത്കാലിക ഇടവഴിയിലൂടെ ബസുകൾ വരുന്പോൾ പൊടിപടലങ്ങൾ ഏറെ രൂക്ഷമായി ഉയർന്നിരുന്നു. ടൗണിൽ വണ്‍വേ നടപ്പാക്കിയിട്ടുള്ളതിനാൽ ഇതുവഴി വരുന്ന ബസുകളിലെ യാത്രക്കാർ ശ്വാസംമുട്ടിയാണ് ഇരുന്നിരുന്നത്. ദിവസങ്ങളായി യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്പോഴും പഞ്ചായത്ത് അധികൃതരും മ്റ്റും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
പ്രളയത്തേ തുടർന്ന് വന്നടിഞ്ഞ മണ്ണ് റാന്നി പ്രദേശത്താകമാനം പൊടിശല്യത്തിനു കാരണമായിട്ടുണ്ട്. റാന്നി പെരുന്പുഴ മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്തുടനീളവും ബസ് സ്റ്റാൻഡിലും ഉയരുന്ന പൊടിപടലങ്ങൾ പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുവരികയാണ്. ഇതിനിടെയിലാണ് ടാറിംഗോ കോണ്ക്രീറ്റിംഗോ ഇല്ലാത്ത മണ്റോഡിൽ ചെളിയും മണ്ണും അടിഞ്ഞ് പൊടി അതിരൂക്ഷമായത്.
പൊടി ഒഴിവാക്കാൻ റോഡിൽ വെള്ളം തളിക്കണമെന്നാവശ്യവും അധികൃതർ പരിഗണിച്ചിരുന്നില്ല. റോഡിലെ പൊടിപടലങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന പരാതികൾ രാജു ഏബ്രഹാം എംഎൽഎയും തഹസീൽദാരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രശ്നം പഠിച്ചു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ തഹസീൽദാരോട് ആവശ്യപ്പെടുകയായിരുന്നു. ഇടവഴി അടച്ചതോടെ ബസുകൾ ബൈപാസ്, മിനർവാപടി വഴി സ്റ്റാൻഡിലെത്തണം. ഇത് അധികദൂരമാണെന്ന പരാതിയാണ് ബസുകൾക്കുള്ളത്.
റാന്നിയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വണ്‍വേ സംവിധാനം ഒഴിവാക്കിത്തരണമെന്നാവശ്യവും ബസുകൾക്കുണ്ട്. ഇട്ടിയപ്പാറയിലെത്തേണ്ട ആവശ്യമില്ലാത്ത വാഹനങ്ങൾ ബൈപാസ് റോഡുവഴി തിരിച്ചുവിടുകയും ബസുകൾക്ക് നിലവിലുള്ള വണ്‍വേ താത്കാലികമായി ഒഴിവാക്കി കൊടുക്കുകയും വേണമെന്നാണാവശ്യം. പൊടിയും അധികദൂരവും യാത്രക്കാരുടെ കുറവും റാന്നിയിലെ ബസ് സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.