കൊച്ചി: പ്രതിഷേധം കനക്കുന്പോഴും കുതിച്ചുകയറി ഇന്ധനവില. ഈ മാസം ഇതുവരെ പെട്രോളിനും ഡീസലിനും വർധിച്ചതു ലിറ്ററിന് ശരാശരി മൂന്നു രൂപയ്ക്കു മുകളിൽ. ഇന്നു മാത്രം പെട്രോളിന് 36 പൈസയും ഡീസലിന് 25 പൈസയും വർധിച്ചതോടെ സംസ്ഥാനത്ത് ഒരിടത്തും 500 രൂപയ്ക്ക് ആറ് ലിറ്റർ പെട്രോൾ ലഭിക്കാത്ത സ്ഥിതിയായി.
കഴിഞ്ഞ ഓഗസ്റ്റ് 31ന് കൊച്ചിയിൽ പെട്രോൾ വില 80.49 രൂപയും ഡീസൽ വില 74 രൂപയുമായിരുന്നെങ്കിൽ ഇന്നത്തെ വില യഥാക്രമം 83.64 രൂപയും 77.48 രൂപയുമാണ്. പെട്രോളിന് 3.15 രൂപയുടെയും ഡീസലിന് 3.48 രൂപയുടെയും വർധനയാണ് 15 ദിവസത്തിനിടെ മാത്രം ഉണ്ടായത്. ഇതിനിടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 85 കടന്നു.
85.03 രൂപയാണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയാകട്ടെ 78.78 രൂപയായി. കോഴിക്കോട് പെട്രോൾ വില 83.71 രൂപയായപ്പോൾ ഡീസൽ വില 77.56 ആയി ഉയർന്നു. പ്രധാന നഗരങ്ങൾക്കു പുറത്ത് ഇന്ധന വില ഒരു രൂപയ്ക്കു മുകളിൽവരെ കൂടുതലാണ്.