പി.കെ. സജീവ്
മാഹി: രാജ്യത്തെ പെട്രോൾ പമ്പുകളുടെ നിലവാരം ഉയർത്തുവാൻ ജീവനക്കാർക്ക് പരീക്ഷ നടത്തുവാനുള്ള നടപടികളിലേക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം തയാറെടുക്കുന്നു. എണ്ണക്കമ്പനികളുടെ നിർദ്ദേശ പ്രകാരം പമ്പുടമകൾ ജീവനക്കാരുടെ ബയോഡാറ്റ ശേഖരിക്കുന്ന നടപടി പൂർത്തിയാക്കി വരികയാണ്.
ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവ ജീവനക്കാർ അതാത് പമ്പുകളിൽ നൽകിക്കഴിഞ്ഞു.ഡിസംബറിൽ പരീക്ഷ നടക്കുമെന്നാണ് സൂചന. പരീക്ഷയിൽ വിജയിക്കുന്ന ജീവനക്കാർക്ക് സമ്മാനമായി 500 രൂപ അതാത് തൊഴിലാളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതിനിടെ ലോകസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് പമ്പ് തൊഴിലാളികൾക്ക് പരീക്ഷ നടത്തി 500 രൂപ നൽകുന്നതിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി.രാജ്യത്ത് പെട്രോൾ പമ്പുകളിൽ 10 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ കുടുബത്തിനെ സ്വാധീനിക്കുവാനുള്ള നീക്കമാണ് പരീക്ഷ നടത്തിപ്പെന്ന് പഞ്ചാബിലെ ഒരു കോൺഗ്രസ് എംപി പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
എന്നാൽ പരീക്ഷ നടത്താൻ തന്നെയാണ് കേന്ദ്രനീക്കം.
60 വയസിനു മേലെയുള്ളവരെ ഭാവിയിൽ പമ്പുകളിൽ ജോലിക്ക് വയ്ക്കേണ്ടന്ന നിർദ്ദേശവും നൽകിക്കഴിഞ്ഞു.