എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ചാരക്കേസിൽ നന്പിനാരായണനനുകൂലമായ സുപ്രീംകോടതി വിധി എ ഗ്രൂപ്പിനെതിരെ ആയുധമാക്കാനുറച്ച് ഐ ഗ്രൂപ്പ്. ലീഡർ കെ കരുണാകാരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് താഴെയിറക്കാൻ എ ഗ്രൂപ്പു നേതാക്കൾ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്ന് ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ തെളിഞ്ഞുവെന്നാണ് പഴയ ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ലീഡറുടെ മനസ് വേദനിപ്പിച്ചവർക്ക് മാപ്പ് നൽകാൻ ഒരുക്കമല്ലെന്ന സൂചന തന്നെയാണ് പഴയ ഐ ഗ്രൂപ്പ് അനുഭാവികൾ നൽകുന്നത്.
കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജാ വേണു ഗോപാലും കടുത്ത പ്രതികരണം നടത്തിയില്ലെങ്കിലും ഇതിനു പിന്നിലുള്ള നേതാക്കളോട് കടുത്ത അമർഷത്തിൽ തന്നെയാണ്. ഇന്നലത്തെ സുപ്രീംകോടതി വിധിയോട് ഇതുവരെ എ ഗ്രൂപ്പ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. ഐ ഗ്രൂപ്പു നേതാക്കളും മൗനത്തിൽ തന്നെയാണ്.
മുകാംബിക ദർശനത്തിനു കൊല്ലൂരിൽ പോയിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരികെ എത്തിയശേഷമായിരിക്കും പ്രതികരണം. അതുവരെ ഈ വിഷയത്തിൽ മൗനം പാലിക്കാനാണ് ഐയുടെ തീരുമാനം. ചാരക്കേസിൽ അഞ്ചു കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും സുപ്രീം കോടതി നിയോഗിക്കുന്ന ജുഡീഷ്യൽ കമ്മീഷനു മുന്പിൽ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും പത്മജയുടെ നിലപാട് എ ഗ്രൂപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഉമ്മൻ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പു നേതാക്കളെ ലക്ഷ്യംവച്ചുള്ളതാണ് പത്മജയുടെ പ്രതികരണമെന്നുള്ള വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം.
പേരുകൾ ജുഡീഷ്യൽ കമ്മീഷനു മുന്നിലെത്തിയാൽ അതു എഗ്രൂപ്പിലും കോൺഗ്രസിനുള്ളിലും ഉണ്ടാക്കാൻ പോകുന്ന പോട്ടിത്തെറി ചെറുതായിരിക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്ന ഐ ഗ്രൂപ്പിന് എ ഗ്രൂപ്പിനെ വെട്ടാൻ ലഭിച്ചിരിക്കുന്ന തുറുപ്പു ചീട്ടാണ് ഐ.എസ്.ആർ.ഒ ചാരക്കേസ്. എഗ്രൂപ്പിനെതിരേയും അതു വഴി ഉമ്മൻചാണ്ടിയേയും ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ വരും ദിവസങ്ങളിൽ ഐയിൽ നിന്നുണ്ടാകുമെന്ന് ഉറപ്പാണ്.
പത്മജയുടേയും മുരളിയുടേയും പിന്തുണ കൂടി ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് അവർ കരുതുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വിധിയോട് കാര്യമായി പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിട്ടില്ല. ഐ ഗ്രൂപ്പിനോട് തന്ത്രപരമായ അകലം പാലിക്കുന്ന മുരളി എ ഗ്രൂപ്പിനോടും ഉമ്മൻചാണ്ടിയോടും അടുപ്പം സൂക്ഷിക്കുന്നുമുണ്ട്.
അതു കൊണ്ട് എഗ്രൂപ്പിനെതിരേയോ ഉമ്മൻചാണ്ടിയ്ക്കെതിരേയോ കാര്യമായ പ്രതികരണമോ നീക്കമോ മുരളി ഇപ്പോഴത്തെ സാഹചര്യത്തിൽ നടത്താനിടയില്ലെന്ന കൃത്യമായ വിവരം തന്നെയാണ് ലഭിക്കുന്നത്. ഇന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
ചാരക്കേസിന്റെ പേരിൽ കരുണാകരനെ ഇറക്കിവിട്ടതിൽ കുറ്റബോധം പ്രകടിപ്പിച്ച ഹസനെ എ ഗ്രൂപ്പ് ഇപ്പോൾ തഴഞ്ഞമട്ടാണ്. അതു കൊണ്ട് തന്നെ ഹസന്റെ ഇന്നത്തെ പത്രസമ്മേളനം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.