പഴയന്നൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സുസ്ഥിരമായ വാസസ്ഥലം എന്നത് വെല്ലുവിളിയായി കേരള സർക്കാർ ഏറ്റെടുത്തെന്നും, ഇതിൽ മതവും, രാഷ്ട്രീയവും നോക്കാതെ ഒറ്റ മനസോടെ മുന്നോട്ടുപോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സിപിഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയന്നൂർ പുഞ്ചപ്പാടത്ത് പണികഴിപ്പിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു ഗുണം ചെയ്താൽ മാത്രമേ പാർട്ടിക്കു മുൻതൂക്കം ലഭിക്കുകയുള്ളൂ. സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും എന്ന പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു.
കേന്ദ്രസർക്കാർ നമുക്ക് പരിമിതമായ സഹായമേ നൽകുന്നുള്ളൂ. ഒറ്റ മനസുമായി നീങ്ങിയതിനാൽ പ്രളയത്തിൽ കൂടുതൽ മരണം സംഭവിക്കാതിരുന്നത്. ഈ നില തുടർന്നാൽ നവ കേരളം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു.
തൃശൂർ എംപി ജയദേവൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ നേതാക്കളായ ബാലചന്ദ്രൻ, സോമൻ എന്നിവരും ഏരിയാ നേതാക്കളായ അരുണ്‍ കാളിയത്ത്, ലോക്കൽ സെക്രട്ടറി കെ.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.