കോഴിക്കോട്: ട്രെയിനില്‍ കടത്തവെ ആര്‍പിഎഫ് പിടികൂടിയ 6.164 കിലോഗ്രാം സ്വര്‍ണത്തിന് ജിഎസ്ടി വിഭാഗം ഉടമസ്ഥനില്‍ നിന്ന് 11 ലക്ഷം പിഴ ഈടാക്കി. മുംബൈ സ്വദേശിയായ സായ് ശിവം ജ്വല്ലേഴ്സ് ഉടമയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പിഴ അടച്ചതിനെ തുടര്‍ന്ന് സ്വര്‍ണം ഇന്നലെ ഉടമസ്ഥന് തിരിച്ചു നല്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 1.94 കോടി രൂപയുടെ സ്വര്‍ണം ആര്‍പിഎഫ് പിടികൂടിയത്.
നികുതി വെട്ടിച്ചു കടത്തിയതിനാല്‍ ഇവ പിന്നീട് ജിഎസ്ടി വിഭാഗത്തിന് ആര്‍പിഎഫ് കൈമാറുകയായിരുന്നു. സ്വര്‍ണത്തിന് 11 ലക്ഷം രൂപ പിഴ ഈടാക്കികൊണ്ടുള്ള നോട്ടീസ് ജിഎസ്ടി വിഭാഗം ശനിയാഴ്ച തന്നെ അയച്ചിരുന്നു.
മഹാരാഷ്ട്ര സ്വദേശി രാജു (32) മംഗള എക്സ്പ്രസില്‍ കൊണ്ടുവരുന്നതിനിടെയാണ് ആര്‍പിഎഫ് സ്വര്‍ണം പിടികൂടിയത്. ദുരിതാശ്വാസത്തിന്റെ മറവില്‍ ട്രയിന്‍ വഴി നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ശക്തമാക്കിയത്.
ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നിന്ന് കൊച്ചുവേളിയിലേക്ക് നികുതി വെട്ടിച്ചു കൊണ്ടുവന്ന ചുരിദാറുകളും ആര്‍പിഎഫ് പിടികൂടി ജിഎസ്ടി വിഭാഗത്തിന് കൈമാറിയിരുന്നു. 48,946 രൂപ പിഴ ചുമത്തിയാണ് സാധനങ്ങള്‍ വിട്ടു നല്‍കിയത്.