പേരാമ്പ്ര: ‘നിന്റെ സമ്പാദ്യത്തിൽ നിന്നു അർഹമായ ദശാംശം ദൈവത്തിനു സമർപ്പിക്കണമെന്ന വേദ വാക്യം’ അന്വർഥമാക്കി ഒരു കുടുംബം. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലം നിർധനരായ 13 കുടുംബങ്ങൾക്കു വീതിച്ചു നൽകി ദൈവ വചനം പ്രവൃത്തി പഥത്തിലെത്തിച്ചു മാതൃകയാക്കിയിരിക്കുന്നു മലയോരത്തെ കർഷക കുടുംബം.
കലയത്തിങ്കൽ കുഞ്ഞേട്ടൻ എന്ന പേരിലറിയപ്പെട്ടിരുന്ന പശുക്കടവിലെ പരേതനായ വടക്കേടത്ത് കുര്യാക്കോസിന്റെയും ചിന്നമ്മയുടെയും ആറു മക്കളിൽ ഇളയവനായ ഡോ. വി.കെ. മനോജും ഭാര്യ കല്ലാനോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജയശ്രീയുമാണ് ഈ മാതൃകാ ദമ്പതിമാർ. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട കടന്തറപ്പുഴ തീരത്തെ ഫലഭൂയിഷ്ടമായ ഒരേക്കർ കൃഷിയിടമാണു പാവപ്പെട്ടവർക്കു ദാനമായി നൽകാൻ ഇവർ മക്കളുടെ അനുവാദത്തോടെ തീരുമാനിച്ചത്.
13 വർഷമായി ദുബായിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഓർത്തോ വിഭാഗം സ്പെഷലിസ്റ്റായ ഡോ. വി.കെ. മനോജ്. ദൈവാനുഗ്രഹത്താൽ തങ്ങളുടെ കുടുംബത്തിനു ലഭിച്ച സമ്പാദ്യം പാവപ്പെട്ടവരുമായി പങ്കുവയ്ക്കണമെന്ന ഉൾപ്രേരണയാണ് ഇതിനു പിന്നിലെന്ന് ഡോ. വി.കെ. മനോജ് പറഞ്ഞു.
രണ്ടു വർഷമായി ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ട്. സുഹൃത്തും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗവുമായ ജയേഷ് മുതുകാടുമായി ആശയം പങ്കു വച്ചു. സ്ഥലത്തിനർഹരായ കുടുംബങ്ങളെ കണ്ടെത്താനുള്ള ചുമതലയും ജയേഷിനെ ഏൽപ്പിച്ചു. ഒടുവിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴും മരുതോങ്കര പഞ്ചായത്തിൽ നിന്നു ആറും കുടുംബങ്ങളെ കണ്ടെത്തി. 11 വർഷം മുമ്പ് 20 ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരേക്കർ സ്ഥലമാണ് കുടുംബങ്ങൾക്ക് വീതിച്ചു നൽക്കുന്നത്.
ഒരു കോടി രൂപയാണു ഇന്നത്തെ മതിപ്പു വില. ദുബായിൽ എൻജിനിയറായ ആഷിക് കുര്യൻ, കാലിക്കട്ട് എൻഐടി വിദ്യാർഥിനിയായ അന്നു മന്യ മനോജ്, ബാലുശേരി പഴശിരാജ വിദ്യാലയത്തിലെ വിദ്യാർഥിനി ആർദ്ര റോസ് മനോജ് എന്നിവരാണു മനോജ് – ജയശ്രീ ദമ്പതികളുടെ മക്കൾ. ഇതിൽ അന്നു മന്യക്കായി കരുതി വെച്ച സ്ഥലമാണിത്. മക്കളുമായി ആലോചിച്ചപ്പോൾ മാതാപിതാക്കളുടെ ആശയത്തോട് അവർക്കും പൂർണസമ്മതം.
24 നു നാലിന് പെരുവണ്ണാമൂഴിയിൽ നടക്കുന്ന പൊതു ചടങ്ങിൽ വെച്ച് 13 കുടുംബങ്ങൾക്കും അവർക്കായി കൊടുക്കുന്ന സ്ഥലത്തിന്റെ ആധാരം മന്ത്രി ടി.പി. രാമകൃഷ്ണൻ കൈമാറും. അമ്മയുടെ പിതാവ് പശുക്കടവിലെ ഇല്ലിക്കൽ കുഞ്ഞ് ഔസേപ്പിന്റെ ഓർമ്മയ്ക്കായാണു സ്ഥലം പാവപ്പെട്ടവർക്കു നൽകുന്നതെന്നു ഡോ. മനോജ് ദീപികയോടു പറഞ്ഞു.
പശുക്കടവിന്റെ കുടിയേറ്റ ചരിത്രത്തിൽ തന്റെ വല്യച്ചൻ ഒരു പാട് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും കാലം അത് മറന്നു. പാവപ്പെട്ട 13 കുടുംബങ്ങൾ അധിവസിക്കുന്ന സ്ഥലം വല്യല്ലിക്കൽ കുഞ്ഞ് ഔസേപ്പ് നഗർ എന്ന പേരിലറിയപ്പെടാനാണു ആഗ്രഹിക്കുന്നത്. കഠിനാധ്വാനത്തിന്റെയും പങ്കു വയ്ക്കലിന്റെയും വിലയറിയാമായിരുന്ന പൂർവികരുടെ സ്മരണ നിലനിർത്തുകയെന്ന ലക്ഷ്യവും തങ്ങളുടെ ഉദ്യമത്തിനു പിന്നിലുണ്ടെന്നു ഡോ. മനോജും ജയശ്രീ ടീച്ചറും വെളിപ്പെടുത്തി.