ആഴ്ചയിലൊരു ദിവസം തന്റെ മുന്നിലെത്തുന്നവർക്കെല്ലാം ചോക്ലേറ്റ് നൽകുന്ന ഒരാളുണ്ട് അയോവയിൽ. ബോബ് വില്യംസ് എന്ന 93കാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പതിവ് തുടരുന്നു. അയൽക്കാരുടെ ഇടയിൽ കാൻഡിമാൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
അപ്രതീക്ഷിതമായി ഒരു ചോക്ലേറ്റ് കിട്ടുന്പോൾ ആളുകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണാനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് ബോബ് വില്യംസ് പറയുന്നു. ഇതുവരെ ആറായിരത്തിലധികം ചോക്ലേറ്റുകൾ വില്യംസ് വിതരണംചെയ്തു കഴിഞ്ഞു.
എല്ലാ ശനിയാഴ്ചയും തന്റെ വീടിനടുത്തുള്ള ഒരു മധുരപലഹാര കടയിൽനിന്നാണ് വില്യംസ് ചോക്ലേറ്റുകൾ വാങ്ങുന്നത്. അവിടെനിന്ന് തന്നെ ആളുകൾക്ക് വിതരണം ചെയ്തു തുടങ്ങും. ചോക്ലേറ്റും വാങ്ങി നഗരവീഥിയിലൂടെ നടന്നാണ് വില്യംസ് വീട്ടിലേക്കു പോവുക. ഇങ്ങനെ പോകുന്പോൾ വഴിയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം അദ്ദേഹം തന്റെ പക്കലുള്ള ചോക്ലേറ്റ് കൊടുക്കും.