റോയൽ എൻഫീൽഡ് അടുത്തിടെ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളായ പെഗാസസ് 500ന് വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. ലോകത്താകെ 1000 വാഹനങ്ങൾ ഇറക്കിയതിൽ ഇന്ത്യയിൽ 250 എണ്ണം മാത്രമാണ് കമ്പനി വിറ്റത്. അതു മിനിറ്റുകൾക്കുള്ളിൽ വിറ്റുപോകുകയും ചെയ്തു. ഫ്യുവൽ ടാങ്കിൽ വെളുത്ത നിറത്തിൽ പ്രിന്റ് ചെയ്തിരിക്കുന്ന നന്പറുകളാണ് പെഗാസസ് 500ന്റെ മുഖ്യ ആകർഷണം.
ഓൺ റോഡ് വിലയിൽ 2.65 ലക്ഷം രൂപ വരെ നല്കിയാണ് പെഗാസസ് പ്രേമികൾ വാഹനം വാങ്ങിയത്. ആദ്യത്തെ കൗതുകം ഊതിവിട്ട ബലൂൺ പോലെയാകാൻ കുറച്ചു ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. പെഗാസസ് 500നുശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കിയ ക്ലാസിക് സിഗ്നൽസ് 350 പുറത്തിറങ്ങിയതോടെ പെഗാസസ് 500ന്റെ ഉടമകൾ ഇടഞ്ഞു.
1.62 ലക്ഷം രൂപയുടെ ക്ലാസിക് സിഗ്നൽസിൽ എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ട്. 2.5 ലക്ഷത്തിന്റെ പെഗാസസിൽ ഇല്ല. ഇതോടെ ഇന്ത്യയിലെ 250 പെഗാസസ് 500 ഉടമകളിൽ രണ്ടുപേർ തങ്ങളുടെ വാഹനം ചവറുകൂനയിൽ ഉപേക്ഷിച്ചു. ഒരാൾ വാങ്ങിയ ഷോറൂമിൽത്തന്നെ തിരികെ നല്കി.
ഈ സംഭവങ്ങൾക്കൊക്കെ പിന്നാലെയാണ് ഒരു പെഗാസസ് 500ന്റെ ഉടമ കേന്ദ്ര സർക്കാരിന് വിവരാവകാശപ്രകാരം കത്തയച്ചിരിക്കുന്നത്. ചോദ്യം ഇത്രമാത്രം, എന്തുകൊണ്ട് റോയൽ എൻഫീൽഡ് എബിഎസ് ഇല്ലാതെ പെഗാസസ് വിപണിയിൽ അവതരിപ്പിച്ചു?
ഇത്തരത്തിലൊരു ചോദ്യം സർക്കാരിനോട് ചോദിക്കാനും കാരണമുണ്ട്. റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം 2018 ഏപ്രിലിൽ ഇറക്കിയ സർക്കുലർ പ്രകാരം ഏപ്രിൽ ഒന്നു മുതൽ എബിഎസ് അല്ലെങ്കിൽ സിബിഎസ് ഇല്ലാതെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കരുതെന്നു പറയുന്നുണ്ട്. ഇതുമാത്രമല്ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പെഗാസസ് 500നു മാത്രമേ എബിഎസ് നല്കാത്തതുള്ളൂ. എക്സ്പോർട്ട് ചെയ്ത പെഗാസസിന് എബിഎസ് ഉണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നുണ്ട്.