ചേന്ദമംഗലം: പ്രളയം കേരളത്തെ തകര്‍ത്തു കളഞ്ഞപ്പോള്‍ പലരുടെയും സ്വപ്നങ്ങളും ജീവിതവും തകര്‍ന്നു മണ്ണടിഞ്ഞു. അത്തരത്തില്‍ പ്രളയത്തില്‍ തകര്‍ന്നതാണ് ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ ജീവിതം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായ മേഖലയ്ക്ക് നേരിടേണ്ടി വന്നത്. നെയ്ത്തുകാരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഓണക്കാലത്തെക്കൂടിയാണ് പ്രളയം മുക്കിക്കളഞ്ഞത്. പ്രളയം തകര്‍ത്ത ജീവിതത്തിന്റെ ഇഴചേര്ത്തുകെട്ടാന് ഇവര്‍ക്ക് കൈത്താങ്ങാവുകയാണ് സിനിമാ താരങ്ങള്‍.
നടി പൂര്‍ണിമ ഇന്ദ്രജിത്താണ് വി ആര് വിത്ത് യൂ ചേന്ദമംഗലം എന്ന ക്യാംപെയിനിന് തുടക്കം കുറിച്ചത്. പിന്നീട് പാര്‍വ്വതി, മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, പൃഥ്വിരാജ്, പ്രിയാ വാര്യര്‍, ഉത്തരാ ഉണ്ണി, ബോളിവുഡ് താരം ജാന്‍വി കപൂര്‍ തുടങ്ങി നിരവധി പേര് ഈ ക്യാംപെയിനില്‍ അണി നിരന്നു. പലരും തങ്ങള്‍ക്കാവും വിധം ചേന്ദമംഗലത്തെ സഹായിക്കുകയാണ്. കേടായ തുണിത്തരങ്ങളില്‍ നിന്നും ചെറിയ പാവകള്‍ ഉണ്ടാക്കുകയാണ് സംരംഭകരായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും ചേര്‍ന്ന്. ചേകുട്ടി അഥവാ ചേന്ദമംഗലം കുട്ടി എന്നാണ് ഈ പാവകള്‍ക്ക് പേരിട്ടിരിക്കുന്നത്.
ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അതിനു കഴിയാത്തവ വളണ്ടിയര്‍മാരുടെ സഹായത്തോടെ ചേകുട്ടി പാവകള്‍ നിര്‍മിക്കുകയും ഒരു പാവയ്ക്ക് 25 രൂപ വിലയില്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണമായി കൈത്തറി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്. ചേന്ദമംഗലത്തെ കൈത്തറി വ്യവസായത്തെ രക്ഷിക്കുക എന്നതാണ് ഈ ക്യാമ്പെയ്്നിന്റെ ലക്ഷ്യം. 21 ലക്ഷം രൂപയുടെ സ്റ്റോക്ക് മുഴുവനായും നശിച്ചിരുന്നു. ഇതിനുപുറമെ കോഴിക്കോട്ടേക്കും എറണാകുളത്തേക്കും അയച്ച 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റുപോകാതെ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമ്പെയ്നുമായി താരങ്ങള്‍ മുന്നിട്ടിറങ്ങിയത്.