നാല് പതിറ്റാണ്ട് നീണ്ട ഒരു സിനിമായാത്രയായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റേത്. അതിനെത്തന്നെ രണ്ട് ഘട്ടങ്ങളായി തിരിക്കാം. ഒന്ന്, ശക്തമായ വില്ലന്‍ പരിവേഷങ്ങളുള്ള കഥാപാത്രങ്ങള്‍. രണ്ടാമത്തേത് കോമഡി കഥാപാത്രങ്ങള്‍. അധികമാര്‍ക്കുമില്ലാതിരുന്ന ആറടി ഉയരം അദ്ദേഹത്തിന്റെ പ്ലസ് പോയിന്റായിരുന്നു. വില്ലന്‍ വേഷങ്ങള്‍ക്ക് അതേറെ ഗുണം ചെയ്തു എന്നുവേണം കരുതാന്‍. എന്നാല്‍ പിന്നീട് നിരന്തരമായ വില്ലന്‍ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ മടുപ്പിച്ച് തുടങ്ങിയതോടെ മനപൂര്‍വം തന്നെ കോമഡി കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു. അത് വഴിതെളിച്ചതാവട്ടെ, മലയാളികള്‍ ഒരുകാലത്തും മറക്കാത്ത കഥാപാത്രങ്ങളുടെ ജനനത്തിനും.
ചിരിപ്പിക്കുന്ന വില്ലന്‍
പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ചിരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്കുള്ള ക്യാപ്റ്റന്‍ രാജുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. സിഐഡി മൂസ, നാടോടിക്കാറ്റ് എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രം പുതുതലമുറയ്ക്ക് പോലും ഏറെ പിയപ്പെട്ടതാണെന്നത് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്ന ട്രോളുകളില്‍ നിന്നുതന്നെ വ്യക്തമാണ്. നാടോടിക്കാറ്റിലെ പവനായി എന്ന സ്വന്തം കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2012 ല്‍ മിസ്റ്റര്‍ പവനായി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.
മുംബൈയിലെ മിലിട്ടറി ക്യാമ്പില്‍ നിന്നാണ് അഭിനയമോഹം അദ്ദേഹത്തിന്റെ കൂടെക്കൂടിയത്. സിനിമയിലെ പോലീസ് വേഷങ്ങളില്‍ സ്വന്തമായ ശൈലി കൊണ്ടുവരാന്‍ മിലിട്ടറി ജീവിതം അദ്ദേഹത്തെ സഹായിച്ചിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പട്ടാള ജീവിതത്തില്‍ നിന്ന് ശീലിച്ച പല അച്ചടക്കങ്ങളും അദ്ദേഹം സിനിമാജീവിതത്തിലും പാലിച്ചിരുന്നു. പട്ടാളാനുഭവങ്ങള് ഒഴിവു സമയങ്ങളില്‍ സിനിമയിലെ സഹപ്രവര്‍ത്തകരുമായി അദ്ദേഹം രസകരമായി പങ്കുവച്ചിരുന്നു. സിനിമാക്കൂട്ടായ്മയായ അമ്മയിലെയും സജീവ സാന്നിധ്യമായിരുന്നു ക്യാപ്റ്റന്‍ രാജു.
എല്ലാത്തിനുമുപരിയായി നല്ലൊരു മനുഷ്യന് എന്നാണ് സഹപ്രവര്‍ത്തകരെല്ലാം ഒരേ സ്വരത്തോടെ ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് പറയുന്നത്. തികഞ്ഞൊരു ജെന്റില്മാന്. മലയാള സിനിമയിലെ വല്ല്യേട്ടനായിരുന്നു അദ്ദേഹം. നിരവധി ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും സിനിമാലോകത്ത് പ്രസിദ്ധമായിരുന്നു. അന്യഭാഷകളിലെ അദ്ദേഹത്തിന്റെ ശക്തമായ സാന്നിധ്യം അതിന് തെളിവാണ്.