കോട്ടയം: ഇരുന്പനത്തുനിന്നു ഇന്ധനവുമായി പോകുന്ന ട്രെയിനുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനമില്ല. കഴിഞ്ഞ ദിവസം കോട്ടയത്തിനു സമീപം മുട്ടന്പലത്ത് ഇന്ധനവുമായി പോയ വാഗണിനു തീപിടിത്തമുണ്ടായതിൽ അന്വേഷണം നടന്നുവരികയാണ്.റിഫൈനറിയിൽ ഓയിൽ നിറച്ചശേഷം ടാങ്കറിന്റെ മൂടിയിലൂടെ ഇന്ധനം പുറത്തുചാടുന്നതും അടപ്പ് സീൽ ചെയ്യാതിരിക്കുന്നതുമാണ് അപകടമുണ്ടാക്കുന്നത്.
ഇന്ധനം ഇറക്കിയശേഷവും അടപ്പിനോടു ചേർന്ന് പെട്രോളിന്റെയും ഡീസലിന്റെയും അംശം അവശേഷിക്കാം. പല ടാങ്കറുകളിലും ഇന്ധന ചോർച്ച വ്യാപകമാണ്. ട്രെയിൻ ഓടുന്പോൾ തുളുന്പുന്നതും പതിവാണ്.വിവിധ കാരണങ്ങളാൽ ടാങ്കറിനു പുറത്തുള്ള ഇന്ധനത്തിന് തീപിടിക്കാറുണ്ട്.
വൈദ്യുതി ലൈനിൽനിന്നു തീപ്പൊരി വീഴാനും സാധ്യതയേറെയാണ്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയാണ് റെയിൽവെ ടാങ്കറിൽ ഇരുന്പനത്തുനിന്നും കൊണ്ടുപോകുന്നത്. പുറത്തുനിന്നു തീപ്പൊരിയുണ്ടായാലും ടാങ്കറുകൾക്ക് തീപിടിത്തമുണ്ടാകാമെന്ന് റെയിൽവെ അറിയിച്ചു.
40 ടാങ്കറുകൾ വരെ ഒരു ട്രെയിനിലുണ്ടാകാം. പിൻവശത്തുള്ള ടാങ്കറുകളിൽ തീപടർന്നാൽ ലോക്കോ പൈലറ്റ് അറിയണമെന്നില്ല. വലിയ തീയുണ്ടായാൽ കെടുത്താനുള്ള സംവിധാനവും ട്രെയിനിലില്ല.