നിലന്പൂർ: നിലന്പൂരിൽ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചു പേരെ പിടികൂടിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.
തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജന കോവിൽ മുനീശ്വർ സ്ട്രീറ്റിലെ സോമനാഥൻ എന്ന നായർസാർ (71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂർ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയിൽ ജസീന മൻസിലിൽ ജലീൽ (36), മഞ്ചേരി പട്ടർകുളം എരിക്കുന്നൻ ഷൈജൽ (32) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നിലന്പൂർ സിഐ കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇതിൽ സന്തോഷ്, സോമനാഥൻ എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കു ജാമ്യം നൽകി.
കേസുമായി ബന്ധപ്പെട്ടു ഇന്റലിജൻസ് വിഭാഗവും സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും പ്രതികളെ ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിച്ചു. സാന്പത്തിക കുറ്റകൃത്യമായതിനാൽ ഇൻകംടാക്സ് വിഭാഗത്തിനും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനും ഇന്നു റിപ്പോർട്ട് കൈമാറുമെന്നു സിഐ കെ.എം. ബിജു അറിയിച്ചു.
നിരോധിത നോട്ടുകൾ ശേഖരിക്കുന്ന ഇടത്തട്ടുകാരാണ് പിടിയിലായവർ. ഒരു കോടി വരുന്ന നിരോധിക്കപ്പെട്ട 1000, 500 രൂപകളുമായാണ് സംഘത്തെ നിലന്പൂർ വടപുറം പാലപറന്പിൽ വച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ, സ്വിഫ്റ്റ് കാറുകളും കസ്റ്റഡിയിലെടുത്തു. 1000ത്തിന്റെ 9956 നോട്ടുകളും, 500ന്റെ 88 നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നു തൃശൂർ, പാലക്കാട് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന ഏജന്റുമാർ പ്രവർത്തിക്കുന്നതെന്ന വിവരം ലഭിച്ചു. ഒരു കോടി നിരോധിത കറൻസിക്ക് 10 ലക്ഷം രൂപ വില നൽകിയാണ് ഇവ ചെന്നൈയിൽ നിന്നു വാങ്ങിയത്. ഇതിൽ അഞ്ചു ലക്ഷം രൂപ മുൻകൂർ നൽകിയതായും പ്രതികൾ മൊഴി നൽകി.
35 ലക്ഷത്തിനാണ് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകൾ വിൽപന നടത്തുന്നത്. ചെന്നൈയിൽ നിന്നും കർണാടകയിൽ നിന്നുമാണ് ഇത്തരത്തിൽ നിരോധിത നോട്ടുകൾ കേരളത്തിലേക്കു എത്തുന്നത്. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിൽ ചില ഏജന്റുമാർ നിരോധിത നോട്ടുകളുടെ കൈമാറ്റവും വിതരണവും നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മലപ്പുറം ജില്ലയിൽ ഒരുമാസത്തിനിടെ 25 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പിടികൂടിയത്. ഇതിൽ 18 കോടിയും പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷൻ പരിധി വരുന്ന സ്ഥലങ്ങളിൽ നിന്നാണ്. നിലന്പൂരിൽ ആദ്യമായാണ് നിരോധിത നോട്ടുകൾ പിടികൂടുന്നത്. നോട്ട് മാറ്റിയെടുക്കാൻ ബാങ്ക് അധികൃതരുമായി ഇടപാട് ഉറപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഏജന്റുുമാർ നോട്ട് കൈവശം വച്ചിട്ടുള്ളവരെ സമീപിക്കുന്നത്.
ജൂണ്മാസത്തിനുശേഷം പിടിച്ചെടുത്ത 18 കേസുകളിൽ ഒന്നിൽ പോലും ഇത്തരത്തിൽ പണം മാറ്റിയെടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഏജന്റുമാർ പണം മാറ്റിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പലരെയും നോട്ടുമായി വിളിച്ചുവരുത്തുന്നത്. പിടിക്കപ്പെട്ടാൽ തുകയുടെ അഞ്ചിരട്ടി പിഴ നൽകേണ്ടിവരും അറിയാതെയാണ് പലരും ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. അതേസമയം പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ ഇപ്പോൾ ഒരു സംവിധാനവും രാജ്യത്തില്ലെന്നു ഡിവൈഎസ്പി പറഞ്ഞു.