തിരുവനന്തപുരം: ചലച്ചിത്രതാരം ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു രാജുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ വസതിയിലായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം.