വൈക്കം: പ്രളയംമൂലം മാറ്റിവച്ച വിവാഹം വെള്ളമിറങ്ങി മാനം തെളിഞ്ഞശേഷം നാടൊന്നാകെ ചേർന്ന് നടത്തിക്കൊടുത്തപ്പോൾ ആഹ്ലാദത്തിന്റെ തിരതല്ലലിൽ രശ്മിയുടെ മിഴികൾ തുളുന്പി. ഉദയനാപുരം അക്കരപ്പാടം സ്വദേശി മോഹനന്റെ മകൾ രശ്മിയുടെ വിവാഹം കഴിഞ്ഞ മാസം 18 നായിരുന്നു നിശ്ചയിച്ചിരുന്നത്. നാട് വെള്ളത്തിൽ മുങ്ങിയിരുന്നതിനാൽ മാറ്റിവച്ചവിവാഹം പിന്നീട് കഴിഞ്ഞ ദിവസമാണ് നടന്നത്.
രശ്മിയെ പത്തനംതിട്ടക്കാരൻ ബിനുവാണ് വിവാഹം കഴിച്ചത്. വർഷങ്ങൾക്കു മുന്പ് ഏക സഹോദരൻ വാഹന അപകടത്തിൽ മരണപ്പെട്ടതോടെ നിർധന കുടുംബത്തിന്റെ സ്ഥിതി പരിതാപകരമാകുകയായിരുന്നു. മുൻ പഞ്ചായത്തു മെന്പറും അയൽവാസിയുമായ എ.പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നു ചേർന്നായായിരുന്നു രശ്മിയുടെ വിവാഹം ആഘോഷപൂർവം നടത്തിയത്.