ഹരിപ്പാട്:- ദേശീയ പാതയിൽ കരുവാറ്റ കടുവൻ കുളങ്ങരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന ടാറ്റാ എക്സാ ഫോർ റജിസ്ട്രേഷൻ കാർ എതിരേ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ ദേശീയപാതയോരത്തുള്ള താഴ്ചയിലേക്ക് ഇറങ്ങിയാണ് നിന്നത്. നിശ്ശേഷം തകർന്ന കാറിൽ നിന്ന് ഡ്രൈവർ വിനുകുമാറിനെ ലീഡിംഗ് ഫയർമാൻ റ്റി.പി. മണിക്കുട്ടന്റെ നേതൃത്വത്തിൽ ഹരിപ്പാട് നിന്ന് എത്തിയ അഗ്നി രക്ഷാ സേന പുറത്തെടുത്ത് ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
S/o വിശ്വംഭരൻ, ഡൽഹി എന്ന് മാത്രമാണ് ഐഡി കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജഡം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ ലോറിയിൽ നിന്ന് റോഡിൽ പരന്ന ഓയിൽ അഗ്നി രക്ഷാ സേനാ കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അല്പസമയത്തേക്കുണ്ടായ ഗതാഗത തടസ്സവും നീക്കി.ഹരിപ്പാട് പോലീസ് കേസ് എടുത്തു.