ഹണിട്രാപ്പ് കേസിലെ ‘ഹണി’ പിടിയിലായി. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ സംഘത്തില്‍പെട്ട യുവതിയെയാണ് ഇന്നലെ കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കളിയങ്ങാട് കുഡ്ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം.ഹഷിദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേര്‍ത്തിട്ടുള്ളത്.
നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരന് (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.
ഹഷിദ ബിഎംഎസ് നേതാവായ ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ഫ്ളാറ്റില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു. ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെയാണ് കഴിഞ്ഞ ആഗസ്ത് 24 ന് തളിപ്പറമ്പ് എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവിലെ ബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
തളിപ്പറമ്പിലെ പല ഉന്നതന്മാരും ഈ സംഘത്തിന്റെ വലയില്‍ കുടുങ്ങിയതിന്റെ തെളിവുകള്‍ ലാപ്ടോപ്പില്‍ നിന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും തന്നെ പരാതിപ്പെടാത്ത സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുത്തിരുന്നില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് സമ്പാദിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി.