ഉദയംപേരൂർ: കളഞ്ഞുകിട്ടിയ രൂപ ഉടമയെ കണ്ടെത്തി പോലീസ് തിരികെ നൽകി. ഉദയംപേരൂർ പെട്രോൾപമ്പിന് സമീപത്ത് നിന്ന് ഉദയംപേരൂർ മാടപ്പള്ളി വീട്ടിൽ ബിഎസ്എൻഎൽ ജീവനക്കാരനായ സുബ്രഹ്മണ്യനാണ് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ പോലീസിനെ ഏൽപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദയംപേരൂർ അറക്കത്താഴത്ത് വീട്ടിൽ ജെയിസൺ ഫ്രാൻസിസിന്റേതാണ് നഷ്ടപ്പെട്ട പണം എന്ന് പോലീസ് കണ്ടെത്തി.
കോൺട്രാക്ടർ വർക്ക് എടുത്ത് നടത്തുന്ന ജെയ്സൺ ദുരിതബാധിതർക്ക് കിടക്കകളും മറ്റ് സാധനങ്ങളും വാങ്ങാൻ പോകുന്ന വഴിയാണ് പണം നഷ്ടപ്പെട്ടത്. ഉദയംപേരൂർ എസ്ഐ കെ.എ. ഷിബിന്റെ സാന്നിധ്യത്തിൽ സുബ്രഹ്മണ്യൻ ജെയ്സണ് പണം തിരികെ നൽകി. സത്യസന്ധത കാണിച്ച സുബ്രഹ്മണ്യനെ പോലീസ് അഭിനന്ദിച്ചു.