ഷൊർണൂർ: മലബാറിന്റെ റെയിൽവേ പ്രവേശനകവാടം, കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ, ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തുടങ്ങി വിശേഷണങ്ങളും പേരും പ്രശസ്തിയുമെല്ലാം വാക്കുകൾക്ക് അതീതമാണ് ഷൊർണൂരിനുള്ളത്. എന്നാൽ ഇന്നും ഫസ്റ്റ് എയ്ഡ് സുരക്ഷപോലും നല്കാൻ കഴിയാത്ത റെയിൽവേ സ്റ്റേഷനാണ് ഇതെന്നതാണ് സത്യം.
റെയിൽവേ സ്റ്റേഷനിലെത്തുന്ന ഏതെങ്കിലും ഒരു രോഗിക്ക് അസുഖമോ മറ്റോ ഉണ്ടായാൽ പുറത്തെത്തിക്കാൻ ശരിക്കും വലയും. സ്ട്രെക്ച്ചർ കിട്ടാനും വീൽചെയർ കിട്ടാനും രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുള്ള തടസങ്ങൾ ഏറെയാണ്. വാഹനം ലഭിക്കാനുള്ള ബുദ്ധിമുട്ടും ചെറുതല്ല. ഇതോടൊപ്പം നിയമത്തിന്റെ നൂലാമാലകളും ചില്ലറയല്ല.
ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിലാണ് സംഭവമെങ്കിൽ ഇരട്ടി ദുരിതമാണ് രോഗികൾക്കും രക്ഷാപ്രവർത്തനം നടത്തുന്നവർക്കും മൂന്നാം പ്ലാറ്റ്ഫോമിലാണ് സ്റ്റേഷൻ മാസ്റ്ററുള്ളത്. നാല്, അഞ്ച്, ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിൽ ഫസ്റ്റ് എയ്ഡിനായി ആദ്യം മൂന്നാം പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ മാസ്റ്റർക്ക് മുന്നിലെത്തണം.
യാത്രക്കാരനാണെന്ന് തെളിയിക്കാൻ ടിക്കറ്റ് കാണിക്കണം. ഇതിനു പുറമേ അപേക്ഷയും സമർപ്പിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ മാത്രമേ ഇവിടെനിന്നും എന്തെങ്കിലും തരത്തിലുള്ള സഹായം ലഭ്യമാകുകയുള്ളൂ.രോഗി അത്രയും അവശനാണെങ്കിൽപോലും റെയിൽവേയ്ക്ക് ഇതൊന്നും പ്രശ്നമല്ല. ഈ പ്രശ്നങ്ങളെല്ലാം അതിജീവിച്ചാലും രോഗിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ കഴിയുകയില്ലെന്നുള്ളതാണ് യാഥാർഥ്യം.
രോഗിയെ പുറത്തെത്തിക്കണമെങ്കിൽ പ്ലാറ്റ്ഫോമിന്റെ ഏറ്റവും അറ്റത്തുള്ള സിമന്റിട്ട പാതയിലൂടെ മാത്രമേ സാധിക്കൂ. ഏഴാം പ്ലാറ്റ്ഫോമിലാണ് സംഭവമെങ്കിൽ അരകിലോമീറ്ററിലേറെ രോഗിയേയും കൊണ്ടു സഞ്ചരിക്കണം. റെയിൽവേ ആശുപത്രിയുടെ ആംബുലൻസും പ്രവർത്തനക്ഷമമല്ല. പിന്നീട് ആംബുലൻസെത്തി നഗരത്തിലുള്ള റെയിൽവേ ആശുപത്രിയിൽ എത്തിക്കണം. യാത്രക്കാർക്ക് അസുഖം ബാധിച്ചാലും മറ്റും രക്ഷാപ്രവർത്തനം നടത്താനാകാത്ത സ്ഥിതിയാണ്. ഇതെല്ലാം റെയിൽവേ അധികൃതർക്കുതന്നെ നേരിട്ടറിവുള്ളതാണ്.
റെയിൽവേ പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരകൾ ഇല്ലാത്തതും എസ്കലേറ്റർ സംവിധാനമില്ലാത്തതുമെല്ലാം ഇവിടത്തെ മുഖ്യപ്രശ്നങ്ങളാണ്. പാർക്കിംഗ് സംവിധാനത്തിന്റെ അഭാവമാണ് മറ്റൊരു മുഖ്യപ്രശ്നം. പ്രധാന പാർക്കിംഗ് ഏരിയ ഇപ്പോഴും റോഡുവക്ക് തന്നെയാണ്.നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇവിടെ പാർക്ക് ചെയ്യുന്നത്. ഇതിനു ഫീസും ഈടാക്കുന്നു.
എന്നാൽ വാഹനങ്ങളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവും റെയിൽവേയ്ക്കില്ല. സ്ഥലപരിമിതിമൂലം റോഡിലേക്ക് ഇറക്കിയാണ് പാർക്ക് ചെയ്യുന്നത്. വാഹനഗതാഗതത്തിനു ഇതു പലപ്പോഴും പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങൾ തിക്കിതിരക്കി നിർത്തുന്നതുമൂലം കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.