തലശേരി: നഗര മധ്യത്തിലെ സ്വകാര്യ മാളില്‍ കൈക്കുഞ്ഞടക്കം ഏഴ് പേര് ലിഫ്റ്റില്‍ കുടുങ്ങി. ഏഴ് നിലകളിലൂടെയും നാല് തവണ അമിത വേഗതയില്‍ പാഞ്ഞ ലിഫ്റ്റ് ഒടുവില്‍ ബേസ്മെന്റിൽ നിര്‍ത്തിയതോടെയാണ് ലിഫ്റ്റിലുണ്ടായിരുന്നവര്ക്ക് ശ്വാസം വീണത്.
ലിഫ്റ്റിന്റെ അമിത വേഗതയിലുള്ള പാച്ചിലില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ഭയവിഹ്വലരായി. കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ഇടയ്ക്ക് ലിഫ്റ്റ് നിന്ന് പോയതും പരിഭ്രാന്തി പരത്തി. ഓരോ തവണയും ശക്തിയോടെ ലിഫ്റ്റ് ഇടിച്ചു നിന്നതായും ലിഫ്റ്റില്‍ കുടുങ്ങിയവര്‍ പറഞ്ഞു.
ഇന്നലെ രാത്രി 8.30 ഓടെ ജൂബിലി റോഡിലെ സ്വകാര്യ മാളിലാണ് സംഭവം. പ്രമുഖ ഗ്രൂപ്പിന്റെ തീയേറ്റര്‍ കോംപ്ലക്സുള്പ്പെടെ പ്രവര്‍ത്തിക്കുന്ന മാളിലെ രണ്ട് ലിഫ്റ്റുകളില്‍ ഒന്നാണ് ഇന്നലെ അമിത വേഗതയില്‍ ചീറി പാഞ്ഞത്. തീയേറ്റര്‍ കോംപ്ലക്സില്‍ നിന്നും ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള ഫ്ലോറിൽ നിന്നും കയറിയവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
ഏഴാം നിലയിലേക്കും തിരിച്ച് ബേസ്മെന്റിലേക്കും പാഞ്ഞ ലിഫ്റ്റില്‍ കുടുങ്ങിയവര്‍ ലിഫ്റ്റിനുള്ളില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്് ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബേസ്മെന്റിലിറങ്ങിയവര് മാനേജ്മെന്റ് പ്രതിനിധികളെ കാണാന്‍ ശ്രമിച്ചെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല.
സംഭവത്തെക്കുറിച്ചത് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ലിഫ്റ്റിലെ ഒരു കുടുംബത്തിലെ ഗൃഹനാഥന്. ഇവിടെ രണ്ട് ലിഫ്റ്റുകള്‍ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. യന്ത്രക്കോണികളുണ്ടെങ്കിലും പലപ്പോഴും ഇവയും പ്രവര്‍ത്തിക്കാറില്ല.