പൊതുവേദിയിൽ ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാർട്ടി പ്രവർത്തകൻ കുടിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ജാർഖണ്ടിലെ ഗൂഡ്ഡ മണ്ഡലത്തിൽ അരങ്ങേറിയത്.
മണ്ഡലത്തിലെ എംപിയായ നിഷികാന്ത് ദുബെ കൻഹവാര എന്ന ഗ്രാമത്തിൽ പാലത്തിന്റെ നിർമാണ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു. എംപി പ്രസംഗിക്കുന്നതിനിടെ വേദിയിലെത്തിയ പാർട്ടി പ്രവർത്തകൻ പവൻ അദ്ദേഹത്തിന്റെ കാൽ കഴുകി തുണി ഉപയോഗിച്ച് തുടച്ചു. കാൽ കഴുകിയ വെള്ളം താഴെ പാത്രം വച്ച് ശേഖരിച്ച പ്രവർത്തകൻ തീർഥജലം പോലെ കുടിക്കുകയും ചെയ്തു. ഇതിനെല്ലാം എംപി ചിരിയോടെ വേദിയിൽ നിന്ന് അനുവാദം നൽകുകയായിരുന്നു.
പാർട്ടി പ്രവർത്തകന്റെ പ്രവർത്തിയിൽ എംപി അതീവ സന്തോഷവാനായാണ് കാണപ്പെട്ടത്. സംഭവം ചിത്രീകരിച്ച് അദ്ദേഹം സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ എംപി പിന്നീടിത് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തു.
മുൻപും വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടം നേടിയ ആളാണ് നിഷികാന്ത് ദുബെ. ജൂലൈയിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേയായിരുന്നു എംപിയുടെ അധിക്ഷേപം. രാഹുലിനെ കെട്ടിപ്പിടിച്ചാൽ വിവാഹ മോചനം നേടേണ്ടി വരുമെന്ന് ബിജെപി പ്രവർത്തകർ ഭയപ്പെടുന്നുണ്ടെന്നായിരുന്നു ദുബെയുടെ അധിക്ഷേപം.