പത്തനംതിട്ട: പ്രളയത്തിന്റെ ബാക്കിപത്രമായി നാടെങ്ങും കരിഞ്ഞുണങ്ങുന്നു. മണലും ചെളിമണ്ണും കയറിക്കിടക്കുന്ന പാടശേഖരങ്ങളും കരഭൂമിയിലും നിൽക്കുന്ന മരങ്ങൾ അടക്കം ഉണങ്ങിത്തുടങ്ങി. ഏത്തവാഴകളും കുടിവാഴകളും നേരത്തെതന്നെ കരിഞ്ഞുണങ്ങിയിരുന്നു. മറ്റു കൃഷികളെല്ലാം പൂർണമായി നശിച്ചു. വെള്ളം എടുത്ത കൃഷികൾക്കു ശേഷം അവശേഷിച്ച പച്ചപ്പ് പൂർണമായി ഉണങ്ങിയ സ്ഥിതിയാണ്.
പന്പാനദിയോടും തോടുകളോടും ചേർന്നു നട്ടിരുന്ന കാർഷികവിളകൾ നാലുദിവസംവരെയാണ് വെള്ളത്തിലാണ്ടു കിടന്നത്. വെള്ളമൊഴിഞ്ഞപ്പോൾ എക്കലും ചെളിയും അടിഞ്ഞ സ്ഥലത്തെ പച്ചപ്പാണ് പൂർണമായി കരിഞ്ഞത്. അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ പോലും ഇതാണ് സ്ഥിതി. ഏറെനാൾ വെള്ളംകെട്ടിക്കിടന്ന പാടശേഖരം ഇനി കാർഷികവൃത്തിക്ക് ഉപയുക്തമാക്കാൻ ഏറെ പണിപ്പെടണം.
തെങ്ങ്, മാവ്, തേക്ക്, ആഞ്ഞിലി എന്നിവയും വ്യാപകമായി ഉണങ്ങിത്തുടങ്ങി. റബർ മരങ്ങളും കരിഞ്ഞു തുടങ്ങി. തെങ്ങോലകൾ നേരത്തെതന്നെ പഴുത്ത് തുടങ്ങിയിരുന്നു. വെള്ളം കയറിക്കിടന്ന സ്ഥലങ്ങളിലെ മരങ്ങളുടെ വേര് അഴുകിയതാണ് കാരണമെന്നാണ ്പ്രാഥമിക നിഗമനം.
ഇതോടൊപ്പം അടിഞ്ഞുകൂടിയ മണ്ണിന്റെ രാസപ്രവർത്തനവും കൃഷിയെ ബാധിച്ചിരിക്കാം. കടൽത്തീരം പോലെയാണ് നദീതീരങ്ങൾ. കൃഷിഭൂമിയിൽ അടിഞ്ഞുകൂടിയ മണലും മണ്ണും നീക്കം ചെയ്യാൻ നടപടികളുമില്ല. കാർഷിക സമൃദ്ധിയിലായിരുന്ന പന്പാതീരങ്ങൾ വരെ കരിഞ്ഞുണങ്ങുകയാണ്. തീരങ്ങളിൽ അടിഞ്ഞ എക്കൽമണ്ണ് ഭാവിയിൽ ഈ പ്രദേശങ്ങളെ ദോഷകരമായി ബാധിച്ചേക്കും.
ഏത്തവാഴ കൃഷി അടക്കം തീരങ്ങളിൽ പുനരാരംഭിക്കാനാകാത്ത സ്ഥിതിയാണ്. പച്ചപ്പു നഷ്ടമായതോടെ കാലിവളർത്തലും പ്രതിസന്ധിയിലായി. തീറ്റപ്പുൽകൃഷി വ്യാപകമായി നശിച്ചു. ഇതോടെ കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും പ്രതിസന്ധിയിലായി