എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ മുണ്ടുമുറുക്കാൻ പറയുന്ന സർക്കാരിന് മുന്നിൽ ലക്ഷങ്ങൾ വിലയുള്ള 60 വാഹനങ്ങൾ ഒറ്റയടിയ്ക്ക് രജിസ്റ്റർ ചെയ്ത് പോലീസ് വകുപ്പ്. കഴിഞ്ഞ ശനിയാഴ്ച 60 വാഹനങ്ങളാണ് പോലീസ് വകുപ്പ് മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡി.ജി.പി എന്ന വിലാസത്തിൽ 46 വാഹനങ്ങളും സ്റ്റേറ്റ് പോലീസ് ചീഫ് എന്ന വിലാസത്തിൽ 14 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് എട്ടു ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വിലയുണ്ട്.
ടയോട്ട ഇന്നോവയുടെ പുതിയ എഡിഷനായ ഇന്നോവ ക്രിസ്റ്റയുടെ വില ഇരുപതു ലക്ഷത്തിനും മുകളിലാണ് പോലീസ് ചീഫ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളിലധികവും ഇന്നോവ ക്രിസ്റ്റയാണ്. മഹീന്ദ്രയുടെ ബൊലീറോ, കെ.യു.വി തുടങ്ങിയ മോഡലുകളാണ് മറ്റു വാഹനങ്ങളിലധികവും.
തിരുവനന്തപുരം ആർ.ടി.ഒ ഓഫീസിനു കീഴിലാണ് അറുപതു വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എൽ.01 സി.എച്ച് സീരിയലിലാണ് വാഹന രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ ഫണ്ട് മുഴുവനും ട്രഷറിയിലടക്കണമെന്ന് ആവശ്യപ്പെട്ട സർക്കാരിന് മുന്നിലാണ് ഒറ്റയടിയ്ക്ക് അറുപത് വാഹനങ്ങളുടെ രജിസ്ട്രേഷനുമായി പോലീസ് വകുപ്പ് നിൽക്കുന്നത്.
വെള്ളപ്പൊക്ക ദുരിതാശ്വസ നിധിയിലേയ്ക്ക് കൈ നീട്ടുന്ന സർക്കാർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതാണ് വിരോധാഭാസം. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശന്പളം വേണമെന്ന് പറഞ്ഞ് കൈനീട്ടുന്ന സർക്കാർ കോടികൾ മുടക്കിയുള്ള ഈ ആഡംബര ധൂർത്തിന് എന്ത് മറുപടി നൽകുമെന്ന് അറിയില്ല.
പോലീസ് സ്റ്റേഷനുകളിലേയ്ക്കാണ് വാങ്ങിയ വാഹനങ്ങളിൽ ഭൂരിപക്ഷവുമെന്നാണ് പോലീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിശദീകരണം. എന്നാൽ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങൾ ആർക്കാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.