ചേർത്തല: സ്കൂൾ വാഹനങ്ങൾ നിരീക്ഷിക്കുന്നതിനായി ജിപിഎസ് സംവിധാനം നിർബന്ധമാക്കുന്നു. ഇതോടെ കുട്ടികളുമായിപോകുന്ന വാഹനങ്ങൾ ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പിന് ആർടി ഓഫീസിലുള്ളവർക്ക് അറിയാൻ കഴിയും.
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ നേരിട്ട് നിരീക്ഷിക്കാനാണ് ജിപിഎസ് സംവിധാനം നിർബന്ധമാക്കുന്നത്. ഓരോ വാഹനത്തിനും ഓരോ നന്പർ ഉണ്ടാവും. ഇത് ഉപയോഗിച്ചാണ് വാഹനം നിരീക്ഷണം നടത്തുന്നത്. സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ടാലും അന്യ സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ സ്കൂൾ വാഹനങ്ങൾ തട്ടികൊണ്ടുപോയാലും ഉടനറിയാനാകും.
ഒക്ടോബർ ഒന്നിനു മുൻപ് നിർബന്ധമായും ജിപിഎസ് ഘടിപ്പിക്കണമെന്നാണ് നിർദേശം. ജിപിഎസ് അംഗികാരമുള്ള കന്പനികളുടെ പ്രതിനിധികൾ 19 ന് രാവിലെ 10 ന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തി ഇതിന്റെ പ്രാധാന്യത്തെകുറിച്ച് വിശദീകരിക്കും.
താലൂക്കിലെ സ്കൂൾ അധിക്യതർ നിർബന്ധമായും പങ്കെടുക്കണമെന്ന് സബ്ബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഒക്ടോബർ ഒന്നിനു ശേഷം ജിപിഎസ് സംവിധാനമില്ലാത്ത സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിഴയൊടുക്കെണ്ടിവരുമെന്നും അറിയിപ്പിൽ പറയുന്നു.