പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുകയെന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എംപി. ബാങ്കുകൾ വഴിയുള്ള സഹായങ്ങൾ അർഹരായവർക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പുസാന്പത്തിക വർഷത്തെ ആദ്യപാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10,000 രൂപയുടെ ധനസഹായം അക്കൗണ്ടിലെത്തിക്കാൻ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ബാങ്കുകൾ ഈ സാഹചര്യത്തിൽ പിൻവലിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല കളക്ടർ ഡി.ബാലമുരളി പറഞ്ഞു.
നിലവിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പ്രളയബാധിത പ്രദേശങ്ങളിൽ മാത്രമാണ്. അല്ലാത്ത പ്രദേശങ്ങളിൽ വ്യക്തിപരമായ നഷ്ടമുണ്ടായവർക്ക് സഹായം എത്തിക്കാൻ ബാങ്കുകൾ ഉദാരപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018-19 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 2906 കോടി രൂപ വായ്പാവിതരണം ചെയ്ത് ബാങ്കുകൾ ജില്ലാ വായ്പാപദ്ധതിയുടെ 21 ശതമാനം ലക്ഷ്യം കൈവരിച്ചു.
ഇതിൽ കാർഷിക മേഖലയ്ക്ക് 1133 കോടിയും വ്യാവസായിക മേഖലയ്ക്ക് 578 കോടിയും മറ്റു മുൻഗണനാ മേഖലയ്ക്ക് 280 കോടി രൂപയും വായ്പ നല്കി. ജില്ലയിൽ മുൻഗണനാ വായ്പാവിതരണത്തിനായി 1991 കോടി നല്കി 19 ശതമാനം പ്രവർത്തനം കൈവരിച്ചു. വായ്പാ നിക്ഷേപ അനുപാതം 68.54 ശതമാനമായി ഉയർന്നു.
ഇക്കാലയളവിൽ ജില്ലയിൽ 1362 അപേക്ഷകളിലായി 1350 ലക്ഷം വിദ്യാഭ്യാസ വായ്പ നല്കി. കൂടാതെ 1881 സ്വയംസഹായ സംഘങ്ങൾക്ക് 14 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ കർഷകർക്ക് കഴിഞ്ഞ മൂന്നുമാസ കാലയളവിൽ 24,288 കിസാൻ ക്രെഡിറ്റ് കാർഡുകൾ മുഖേന 194 കോടി അനുവദിച്ചു. മുദ്രലോണ് വിഭാഗത്തിൽ 5018 പേർക്ക് 81 കോടിയും വായ്പ നല്കിയിട്ടുണ്ട്.
ഹോട്ടൽ ഗസാലയിൽ നടന്ന ബാങ്കിംഗ് അവലോകന സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, കാനറാബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സി.എം.ഹരിലാൽ, ലീഡ് ബാങ്ക് ഡിവിണൽ മാനേജർ ഡി.അനിൽ, ആർബിഐ ലീഡ് ജില്ലാ ഓഫീസർ ഹരിദാസ്, നബാർഡ് ജില്ലാ വികസന ഓഫീസർ രമേഷ് വേണുഗോപാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സെയ്തലവി, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.