കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ്; ഗൾഫ് നാടുകളിലെ ശമ്പളക്കുറവും 19നും 25നും ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യയിലെ കുറവുമെന്ന് സർവേ

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്. സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ സർവേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗൾഫ് നാടുകളിലെ ജോലിക്കുള്ള ശമ്പളത്തിൽ വന്ന ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

19നും 25നും ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യയിൽ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുട എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രവസികളുടെ എണ്ണത്തിൽ മൂന്ന് ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയെന്നാണ് സർവേ വ്യക്തമാക്കുന്നത്. 2013ലെ പ്രവാസികളുടെ എണ്ണത്തിന്‍റെ പത്തിലൊന്ന് കുറവാണ് ഇതെന്നാണ് കണക്ക്.

കേരള മൈഗ്രേഷൻ സർവേയുടെ കോർഡിനേറ്റർ ഇരുദയരാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവച്ചത്. 1198ലാണ് സെന്‍റർഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സർവേ ആദ്യമായി സംഘടിപ്പിച്ചത്. എട്ടാമത്തെ സർവവേയാണ് ഈ വർഷം പൂർത്തീകരിച്ചത്.

Related posts