ആലപ്പുഴ: മണ്ഡലം കമ്മിറ്റി വിഭജനത്തെച്ചൊല്ലി ആലപ്പുഴയിൽ സിപിഐയിലുണ്ടായ കലാപത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
വരുന്ന ആഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറി ആലപ്പുഴയിലെത്തുന്പോൾ വിഷയം ചർ്ച്ച ചെയ്യാനും തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞദിവസമാണ് സിപിഐ ആലപ്പുഴമണ്ഡലം കമ്മിറ്റി നോർത്ത്, സൗത്ത് കമ്മിറ്റികളായി വിഭജിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളും മണ്ഡലം കമ്മറ്റിയംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുമടക്കമുള്ളവർ കൂട്ടരാജിവച്ചത്.
കഴിഞ്ഞ സമ്മേളന കാലം മുതൽ ആലപ്പുഴ, അന്പലപ്പുഴ നിയോജക മണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന സിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റി വിഭജിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ തലമുതിർന്ന നേതാക്കളും പ്രമുഖ യുവജന നേതാവും ഇതിന് എതിര് നിന്നതോടെ കമ്മിറ്റി വിഭജനം നീണ്ടുപോവുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം നേതാക്കളുടെ അപ്രതീക്ഷിത രാജിയുണ്ടായത്. പാർട്ടി ജില്ലാ സെന്ററിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കേണ്ട കമ്മിറ്റിയിലുണ്ടായ പൊട്ടിത്തെറി പാർട്ടിനേതൃത്വത്തിൽ തലവേദനയായിട്ടുണ്ട്.