പട്ടാന്പി: കൊപ്പത്ത് കാറിൽ കടത്താൻ ശ്രമിച്ച 2,42,18,500 രൂപയുടെ കുഴൽപ്പണം പിടികൂടി. മലപ്പുറം കല്പകഞ്ചേരി സ്വദേശികളായ പൊറ്റെക്കോടിൽ വീട്ടിൽ മുഹമ്മദ് തസ്ലിം(26), കിഴക്കേപ്പുറത്ത് വീട്ടിൽ സയ്യിദ് ശിഹാബുദീൻ (34) എന്നിവരെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കല്പകഞ്ചേരി സ്വദേശി ഫാസിലിന്റെ നിർദേശപ്രകാരമാണ് കോയന്പത്തൂരിൽനിന്നും പണം കൊണ്ടുവന്നതെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു.
യാതൊരുവിധ രേഖകളുമില്ലാതെ കോയന്പത്തൂരിൽനിന്നും ഒറ്റപ്പാലം, ചെർപ്പുളശേരി, കൊപ്പം വഴി മലപ്പുറത്തേക്കു വരികയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് കുലുക്കല്ലുർ റെയിൽവേ ഗേറ്റിനു സമീപത്തു നടത്തിയ പരിശോധനയിൽ കാറിൽനിന്നുമാണ് പണം കണ്ടെത്തിയത്. കാറിന്റെ ഹാൻഡ് ബ്രേക്കിനുള്ളിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
കൊപ്പം എസ്ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അബ്ദുൽ ഗയൂം, മധു, അരവിന്ദാക്ഷൻ, സിപിഒമാരായ രാജേഷ്, ശിവദാസ്, ശശികുമാർ, രാഹുൽ, റിനു മോഹൻ, പ്രസാദ്, കലാധരൻ, ഹരീഷ്, മുരുകൻ, സുഭദ്ര, സജിത, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.