വീട് നിർമാണത്തിനു ബാങ്കിൽ നിന്നെടുത്ത വായ്പ ജപ്തിയിലെത്തി നിൽക്കെ ഓട്ടോറിക്ഷ ഡ്രൈവറെ തേടി ലോട്ടറി ഭാഗ്യമെത്തി. കളത്തൂർ കുറ്റിയാനിയിൽ കെ.സി. ഷാജിക്കാണ് ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.
കളത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി പാലായിലെ കാറ്ററിംഗ് സ്ഥാപനത്തിൽ പാചകക്കാരനായും ജോലിക്ക് പോകാറുണ്ട്. ശനിയാഴ്ച ചെറുകര പള്ളിയിൽ വച്ചു നടന്ന വിവാഹചടങ്ങിൽ പാചകജോലിക്കായി പോയപ്പോഴാണ് സമ്മാനർഹമായ ടിക്കറ്റ് ഷാജി വാങ്ങിയത്.
ടിക്കറ്റുമായി പാചകപ്പുരയിലെത്തിയ ലോട്ടറി തൊഴിലാളിയിൽനിന്നും ആദ്യം മൂന്ന് ടിക്കറ്റുകളാണ് വാങ്ങിയതെന്ന് ഷാജി പറഞ്ഞു. തുടർന്നു മുന്നോട്ട് പോയ ലോട്ടറിക്കാരനെ തിരിച്ചു വിളിച്ചു രണ്ടെണ്ണം കൂടി വാങ്ങുകയായിരുന്നു. രണ്ടാമത് വാങ്ങിയ ടിക്കറ്റിൽ അവസാനത്തെ അക്കനന്പരിലാണ് ഭാഗ്യദേവതയുടെ കടാക്ഷം. കൂടാതെ ടിക്കറ്റികളിലൊന്നിന് എണ്ണായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിച്ചു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെന്ന് ഷാജി പറഞ്ഞു.
ഞായറാഴ്ച പത്രത്തിൽ നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്നു ഷാജി അറിയുന്നത്. വീട് നിർമാണത്തിനായി ജില്ലാ സഹകരണ ബാങ്കിൽനിന്നും എടുത്ത എട്ട് ലക്ഷം രൂപയുടെ വായ്പ ജപ്തി ഭീഷിണിയിലെത്തിയിരുന്നതായി ഷാജി പറഞ്ഞു. ലോട്ടറിയടിച്ച പണം ഉപയോഗിച്ചു കടം വീട്ടണമെന്നും വീടിന്റെ മുകളിലേക്കു രണ്ട് മുറി കൂടി നിർമിക്കണമെന്നും ഷാജി പറയുന്നു.
കൂടാതെ, കോതനല്ലൂർ ഇമ്മാനുവേൽ എച്ച്എസ്എസിലെ വിദ്യാർഥികളായ ഷാനിമോൾ (പ്ലസ് വണ്‍), ഷാരോണ്‍ (എട്ടാം ക്ലാസ്), ഷെറിൻ (നാലാം ക്ലാസ്) എന്നീ പെണ്മക്കളുടെ പഠനം പൂർത്തിയാക്കണമെന്നും ഷാജിയും ഭാര്യ വെള്ളൂർ പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയായ റീനയും പറയുന്നു. ടിക്കറ്റ് എസ്ബിഐയുടെ കോതനല്ലൂർ ബ്രാഞ്ചിൽ ഏല്പിച്ചിരിക്കുകയാണ്.