തിരൂർ: ആലത്തിയൂർ ആലിങ്ങലിൽ വീട്ടുവേലക്കാരി ഭക്ഷണത്തിലും ജ്യൂസിലും മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവത്തിൽ വീട്ടുവേലക്കാരിയെ ഏർപ്പാടു ചെയ്ത തമിഴ്നാട് സേലം സ്വദേശിയെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. തിരൂർ പാൻബസാറിൽ താമസക്കാരനായ ഇയാളെ മുന്പ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
വീട്ടുവേലക്കാരിയെ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ടെന്നായിരുന്നു ഇയാൾ നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നു.എന്നാൽ വീട്ടുകാരോട് പറഞ്ഞിരുന്നത് തന്റെ ഭാര്യയാണെന്നായിരുന്നു. ഇതിൽ വൈരുധ്യം തോന്നിയതിനെ തുടർന്നാണ് പോലീസ് ഇയാളെ വീണ്ടും കസ്റ്ററ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
അതേ സമയം തമിഴ്നാട് തഞ്ചാവൂർ സ്വദേശിനിയായ മാരിയമ്മയെ തിരഞ്ഞ് തിരൂർ പോലീസ് വിവിധ സ്ക്വാഡുകളായി അന്വേഷണം ഉൗർജിതമാക്കി.അന്വേഷണ സംഘങ്ങൾ ആറ്റിങ്ങലും തമിഴ്നാട്ടിലെ തിരുനെൽവേലിയിലുമെത്തി. തിരുവനന്തപുരം ആറ്റിങ്ങലിൽ മാരിയമ്മ ജോലി ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ അന്വേഷണം നടത്തുന്നത്.
ആശുപത്രി വിട്ട കുടുംബം ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലിങ്ങൽ എടശേരി ഖാലിദ് അലിയുടെ വീട്ടിലാണ് ജോലിക്കെത്തിയ തമിഴ്നാട് സ്വദേശിനി മാരിയമ്മ ഭക്ഷണപാനീയത്തിൽ വിഷം കലർത്തി കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കവർച്ച നടത്തിയത്.
സംഭവത്തിന്റെ മൂന്ന് ദിവസം മുന്പാണ് തമിഴ്നാട് സ്വദേശിയായ സ്ത്രീ ഖാലിദ് അലിയുടെ വീട്ടിൽ ജോലിക്കെത്തിയത്. മുടി വളരാനെന്ന പേരിലും ജലദോഷത്തിനുള്ള മരുന്നെന്ന പേരിലുമാണ് മയക്ക് മരുന്ന് കലർത്തി നൽകിയത്. മൂന്ന് ദിവസവും മയക്കുമരുന്ന് കലർത്തി നൽകിയിരുന്നു. ഓരോ ദിവസവും അളവ് കൂട്ടി പരീക്ഷിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷം കവർച്ച നടത്തി വേലക്കാരി മുങ്ങുകയായിരുന്നു. ഹൈദരലിയുടെ ഭാര്യയുടെയും മകളുടെയും 20 പവനോളം മോഷണം പോയി.
മോഷണശേഷം ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കുള്ള ബസിൽ ആലിങ്ങലിൽ നിന്ന് കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. ആറ്റിങ്ങലിൽ ഇവരോട് സാദൃശ്യമുള്ള സത്രീയെ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ അന്വേഷണം ഉൗർജിതപ്പെടുത്തിയത്.
സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് മാരിയമ്മയുടെ പേരിൽ പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലും, കോയന്പത്തൂർ സെൻട്രൽ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളജിൽ കഴിയുന്ന കവർച്ചക്കിരയായ എടശേരി ഖാലിദും കുടുംബവും അപകടനില തരണം ചെയ്തതായി തിരൂർ സിഐ ബഷീർ പറഞ്ഞു.
പ്രതി തിരുട്ടു ഗ്രാമത്തിലെ മോഷണ സംഘാംഗമാണെന്നും സൂചനയുണ്ട്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകൾ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ ഞായറാഴ്ച രാവിലെ നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.