പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ പാലക്കോട്, ചിറ്റടി പ്രദേശങ്ങളില്‍ അനധികൃതമായി ചെങ്കല്‍ പണകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ജില്ലാ ജിയോളജി വകുപ്പിനു കണ്ടെത്താന്‍ വേണ്ടിവന്നത് വര്‍ഷങ്ങള്‍. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അനധികൃത ചെങ്കല്‍പണകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്.
ഈ അനധികൃത പണകള്‍ക്ക് നോട്ടീസ് നല്‍കുകയും പണയുടെ നടത്തിപ്പുകാരോട് അടുത്ത തിങ്കളാഴ്ച മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.മുമ്പ് ഖനനം ചെയ്തതിനെ തുടര്‍ന്നുണ്ടായ കുഴികളില്‍ പണകളില്‍ നിന്നു നീക്കം ചെയ്ത അവശിഷ്ടങ്ങള്‍ നിക്ഷേപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഒരുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. നിയമവിരുദ്ധമായി ഖനനം നടത്തിയവരില്‍നിന്ന് ഖനനം നടത്തിയതിന്റെ വ്യാപ്തം കണക്കാക്കി പിഴയീടാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കിയില്ല.
അന്‍പതോളം ചെങ്കല്‍ പണകളാണ് ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ചെങ്കല്‍പ്പണ നടത്തുന്നതിനായുള്ള ജിയോളജിയുടെ അനുമതി എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നതിന് ഒരറിയിപ്പും വില്ലേജ് ഓഫീസില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാമന്തളി വില്ലേജ് ഓഫീസര്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്ന രീതിയില്‍ കുന്നുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നു നിര്‍ദേശിച്ചവര്‍ കുന്നിടിച്ച് മണ്ണെടുത്തതിലൂടെ ചില കുന്നുകള്‍തന്നെ ഇല്ലാതായ കാര്യം കണ്ടില്ലെന്നു നടിക്കുന്നതായി ആരോപണമുയരുന്നുണ്ട്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി ഇന്നെത്തുമെന്നാണു വില്ലേജ് ഓഫീസര്‍ക്ക് വിവരം നല്‍കിയിരുന്നത്. എന്നാല്‍ വില്ലേജ് ഓഫീസറെയോ പ്രശ്നത്തില്‍ സജീവമായി ഇടപെട്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ഇന്നലെ ഇവർ ‘മിന്നല്‍’ പരിശോധനയ്ക്കെത്തിയത്.
സ്ഥലത്തെത്തിയശേഷം ഉദ്യോഗസ്ഥര്‍ വിളിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായിരുന്ന നാട്ടുകാരായ നാലുപേര്‍ മാത്രമാണ് എത്തിയതെങ്കിലും ചെങ്കല്‍പണ നടത്തിപ്പുകാരും സഹായികളുമായി അറുപതോളം പേര് നേരത്തെ എത്തിയിരുന്നു. പാലക്കോട്. ചിറ്റടി ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ പണകള്‍ പ്രവര്ത്തിക്കുന്നുണ്ടെന്നാരോപിച്ച് തിങ്കളാഴ്ച ജനങ്ങളുടെ നേതൃത്വത്തില്‍ പണകളുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. തുടര്‍ന്നാണു ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.