മട്ടന്നൂർ: അങ്കണവാടിയിൽ ഓണാഘോഷം നടത്തുന്നതിനു ഭണ്ഡാരപ്പെട്ടിയിൽ ശേഖരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുരുന്നുകൾ മാതൃകയായി. കീഴല്ലൂർ പഞ്ചായത്തിലെ 18 അങ്കണവാടികളിലെ കുട്ടികളിൽ നിന്നു സമാഹരിച്ച 16,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
ചാലോട് അങ്കണവാടിയിലെ ഫാത്തിമയുടെ വാക്കുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ പ്രോത്സാഹനമായത്. പ്രളയവും സഹായ വിതരണവും ദൃശ്യമാധ്യമങ്ങളിലും മറ്റും കണ്ട ഫാത്തിമ അങ്കണവാടി വർക്കരോട് ഓണാഘോഷത്തിനു സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാലോയെന്നു ചോദിക്കുകയായിരുന്നു.
അങ്കണവാടി വർക്കർ ശ്രീലത സൂപ്പർവൈസർ ശോഭനയെ അറിയിച്ചതോടെ അനുകൂല തീരുമാനമാകുകയായിരുന്നു. തുടർന്നാണ് കീഴല്ലൂർ പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിൽ നിന്നും ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുവാൻ തീരുമാനിച്ചത്. ചാലോട് അങ്കണവാടിയിൽ നിന്നു 4000 രൂപയും മറ്റു അങ്കണവാടികളിൽ നിന്നുമായി സമാഹരിച്ച തുകയും കുട്ടികൾ ചേർന്നു മന്ത്രി ഇ.പി. ജയരാജനു മട്ടന്നൂരിൽ നടന്ന ചടങ്ങിൽ കൈമാറിയത്.