നിരപരാധിയെന്ന് തെളിഞ്ഞാല്‍ ചെരുപ്പുകൊണ്ട് മുഖത്തടിച്ചുകൊള്ളാനാണ് അന്നവര്‍ പറഞ്ഞത്! അവര്‍ക്കുവേണ്ടി ആ ചെരിപ്പ് ഇന്നും സൂക്ഷിച്ചുവച്ചിട്ടുമുണ്ട്; ചില വെളിപ്പെടുത്തലുകളുമായി നമ്പി നാരായണന്‍

നിരപരാധിയെന്ന് തെളിഞ്ഞാല്‍ ചെരുപ്പുകൊണ്ടുള്ള അടി ഏറ്റ് വാങ്ങിക്കൊള്ളാമെന്ന് വാക്കു പറഞ്ഞ ഉദ്യോഗസ്ഥരുണ്ടായിരുന്നു എന്നും അതുകൊണ്ടു തന്നെ പഴയ ചെരുപ്പ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി ഐഎസ്ആര്‍ഒ മൂന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.

പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചാരക്കേസില്‍ പത്രങ്ങള്‍ എഴുതിയതു വിവരക്കേടാണെന്നും പലരും തെറ്റിദ്ധരിപ്പിച്ച് മാധ്യമങ്ങളെ തെറ്റായ വഴിയിലേക്കു നയിക്കുകയായിരുന്നു എന്നും മാനനഷ്ടത്തിന് അമ്പതു ലക്ഷം രൂപ നല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ ഏറെ സന്തോഷിക്കുന്നില്ലെന്നും ചാരനല്ലെന്ന വിളികേള്‍ക്കാനാണ് അതിലേറെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കള്ളക്കേസിനു പിന്നില്‍ ഇന്റലിജന്‍സ് ബ്യൂറോയാണെന്നു തുറന്നു പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസാണ്. അദ്ദേഹം അതു പറയുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതിയെ ആദ്യം കണ്ടെത്തിയശേഷം കുറ്റം തീരുമാനിക്കുകയും തെളിവുകള്‍ സൃഷ്ടിക്കുകയുമാണു ചാരക്കേസിലുണ്ടായതെന്നു നമ്പി നാരായണന്‍ പറഞ്ഞു.

നിരപരാധിയാണെന്നു തെളിഞ്ഞാല്‍ തന്റെ ചെരിപ്പുകൊണ്ട് തങ്ങളുടെ മുഖത്തടിക്കാമെന്നു പറഞ്ഞ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ അവരെ എല്ലായിടത്തും തെരയുകയാണ്. പക്ഷേ, ആരെയും കാണാനില്ല. പഴയ ചെരിപ്പ് അവര്‍ക്കു വേണ്ടി താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്തില്ലായിരുന്ന ക്രയോജനിക് സാങ്കേതികവിദ്യ പണത്തിനു വേണ്ടി വിറ്റെന്നായിരുന്നു തനിക്കെതിരായ ആരോപണം.

കള്ളക്കേസുണ്ടാക്കിയവര്‍ക്ക് അത്ര ബുദ്ധി ഇല്ലായിരുന്നു. ഐ.എസ്.ആര്‍.ഒക്കെതിരേയുള്ള അമേരിക്കന്‍ ഗൂഢാലോചനയും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയക്കളിയും ഇതിനു പിന്നിലുണ്ടെന്നാണു തന്റെ സംശയം. ഇതു ചാരക്കേസെല്ലന്നു തന്നെയായിരുന്നു കരുണാകരന്റെ അഭിപ്രായം.

Related posts