ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. പ്രചരണ തന്ത്രങ്ങള്‍ ഒരുക്കുന്നതിന്റെയും പ്രയോഗത്തില്‍ വരുത്തുന്നതിന്റെയും തിരക്കിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചാണക സോപ്പും മോദി കുര്‍ത്തയും ആമസോണ്‍ വഴി വില്‍പ്പന നടത്താനുള്ള ഒരുക്കത്തിലാണ് ആര്‍എസ്എസ്.
മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് ഇവ നിര്‍മിക്കുന്നത്. ഗോ മൂത്രവും ചാണകവും ചേര്‍ത്താണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് എന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. 30 ഓളം ഉത്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
ഗോ മൂത്രവും ചാണകവും ഉപയോഗിച്ച് രാസവസ്തുക്കള്‍ ചേര്‍ക്കാതെയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന പ്രത്യകതയും ഉണ്ട്. സോപ്പ്, ഫേസ്പാക്ക്, ഷാമ്പു തുടങ്ങിയ വസ്തുക്കളെല്ലാം ഉണ്ടാകും. ഇതിലെല്ലാം ഉപയോഗിക്കുന്ന പ്രധാന ഘടകം ചാണകവും ഗോമൂത്രവും തന്നെയായിരിക്കും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേരിലുള്ള കുര്‍ത്തകളും വിപണിയില്‍ എത്തിക്കും.
90 പശുക്കളെ ചാണകവും ഗോമൂത്രവും ശേഖരിക്കുന്നതിനായി വളര്‍ത്തുന്നുണ്ട്. ഇവിടെ നിന്നുമായിരിക്കും ചാണകവും ഗോമൂത്രവും ശേഖരിക്കുക എന്ന് ദീന്‍ ദയാല്‍ ദാമിന്റെ ഡെപ്യൂട്ടി സെക്രട്ടറി മനിഷ് ഗുപ്ത അറിയിച്ചു. പ്രാദേശിക മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജോലിയും സാമ്പത്തികവും ഉറപ്പുവരുത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത് എന്ന് ആര്‍എസ്എസ് വക്താവ് അരുണ്‍ കുമാറും പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തു വന്നതുമുതല്‍ ധാരാളം ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങുന്നുണ്ട്.