അതിരുവിട്ട അടുപ്പം വിനയായി, യുവാവ് വീട്ടമ്മയില്‍ നിന്ന് തട്ടിയത് 70 പവന്‍, സിബിന് കൂട്ടായത് ഹയറുന്നിസ, കുന്നംകുളത്തെ വീട്ടമ്മയെ കുടുക്കിയത് മുക്കുപണ്ടം അണിഞ്ഞ് നടന്നത്, എല്ലാത്തിനും കാരണം ഫേസ്ബുക്ക്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 70 പവന്‍ കവര്‍ന്ന യുവാവും സഹായിയായ യുവതിയും പിടിയില്‍. പൊന്നാനി തെയ്യക്കാട് ഇടവന്തുരുത്തി വള്ളികാട്ട് വീട്ടില്‍ സിബിന്‍(30), പൊന്നാനി നായരങ്ങാടി തൈവളപ്പില്‍ ഹയറുന്നിസ എന്ന നിഷ(38) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ എരമംഗലത്തു നിന്നു പാറേമ്പാടം കമ്പിപ്പാലത്തേയ്ക്കു വിവാഹം ചെയ്തു കൊണ്ടുവന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.

നിഷയാണ് സിബിനെ യുവതിക്ക് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ സൗഹൃദം വളര്‍ന്നു. യുവതിയുടെ വിശ്വാസം സിബിന്‍ നേടി. തുടര്‍ന്ന് കാര്‍ വാങ്ങണമെന്നുള്‍പ്പെടെ പല കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി സ്വര്‍ണ്ണം വാങ്ങുകയായിരുന്നു. പിന്നീട് വിവാഹത്തിന് പോകാനാണെന്ന് പറഞ്ഞ് നിഷയും ആഭരണങ്ങള്‍ വാങ്ങിയിരുന്നു. തട്ടിയെടുത്ത ആഭരണങ്ങളില്‍ 60 പവന്‍ ഇവര്‍ പണയം വെച്ചതായി കണ്ടെത്തി.

യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്. ആഭരണങ്ങള്‍ രണ്ടു സുഹൃത്തുക്കള്‍ക്ക് നല്‍കിയതായി യുവതി പറഞ്ഞു. ആഭരണങ്ങള്‍ പോയതറിയാതിരിക്കാന്‍ വീട്ടില്‍ മുക്കുപണ്ടമണിഞ്ഞാണ് യുവതി നടന്നത്. പ്രതികള്‍ ഇത്തരത്തില്‍ മറ്റു തട്ടിപ്പുകളും നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Related posts