തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയെ നയിക്കാൻ പ്രാപ്തനായ നേതാവാണെന്ന് സ്ഥാനമൊഴിയുന്ന അധ്യക്ഷൻ എം.എം.ഹസൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരന്പര്യമുള്ള ഉൗർജസ്വലനായ നേതാവാണ് മുല്ലപ്പള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് പ്രാപ്തിയുണ്ടെന്നും പുതിയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
18 മാസക്കാലം കെപിസിസി അധ്യക്ഷ പദവിയിലിരുന്ന താൻ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. പാർട്ടിൽ സമാധാന പൂർണമായ അന്തരീക്ഷമാണ് തന്‍റെ കാലത്തുണ്ടായിരുന്നത്. ജനമോചന യാത്രയും കുടുംബ സംഗമങ്ങളും വിജയകരമായി നടത്താൻ തനിക്ക് കഴിഞ്ഞു.
തന്‍റെ പ്രവർത്തനങ്ങൾക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും പാർട്ടി ഏൽപ്പിക്കുന്ന ചുമതലയുമായി സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ഹസൻ കൂട്ടിച്ചേർത്തു.