കോട്ടയം: കെഎസ്ആർടിസി ജില്ലയിൽ കടുത്ത ഞെരുക്കത്തിലേക്ക്. ഡീസൽ, സ്പെയർപാർട്സ്, ടയർ ക്ഷാമത്തെത്തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി നിരവധി സർവീസുകളാണു ദിവസവും മുടങ്ങുന്നത്. പാലാ, പൊൻകുന്നം, എരുമേലി, ചങ്ങനാശേരി, ഈരാറ്റുപേട്ട ഡിപ്പോകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ മുടങ്ങുന്നത്. സിംഗിൾ ഡ്യൂട്ടി നിലവിൽവന്നതോടെ വിവിധ ഡിപ്പോകളിലായി എട്ട് ഓർഡിനറി സർവീസുകൾ കൂടി നിലച്ചു.
നിലവിൽ 120 ടയറുകൾ വിവിധ ഡിപ്പോകളിൽ അടിയന്തരമായി ലഭിക്കണം. ഓട്ടം നിറുത്തിയ ഓർഡിനറി ബസുകളുടെ ടാങ്കിൽ ശേഷിക്കുന്ന ഡീസൽ തിരികെയെടുത്താണ് ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ കഴിഞ്ഞ ദിവസം ഒഴിച്ചത്. ഓർഡിനറി ബസുകളിൽ ഇനി ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കേണ്ടെന്നാണ് തീരുമാനം. ഓരോ ബസും ദിവസവും ഓടുന്ന കിലോമീറ്റർ കണക്കാക്കി ഇന്ധനം ഒഴിക്കും.
കുമളി, മല്ലപ്പള്ളി തുടങ്ങിയ ഡിപ്പോകളിലെ കുറെ ബസുകൾ കോട്ടയത്തുനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതിന് നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ഏറ്റവും ലാഭമുള്ള സർവീസുകൾ തുടർന്നു നടത്തിയാൽ മതിയെന്നാണ് തീരുമാനം.ലാഭകരമല്ല എന്ന കാരണത്താൽ പല ഓർഡിനറി സർവീസുകളും വെട്ടിക്കുറയ്ക്കുന്നതിനിടയിലാണ് സിംഗിൾ ഡ്യൂട്ടി സന്പ്രദായം എത്തിയത്.
സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ ഏറ്റവും കൂടുതൽ മുടങ്ങുന്നത് ഓർഡിനറി സർവീസുകളാണ്. ഓർഡിനറി ഫെയർസ്റ്റേജുള്ള ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍ സർവീസുകളിലാണ് സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ഡിപ്പോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചു വന്നിരുന്ന കുമളി സർവീസിന്റെ പല ട്രിപ്പുകളും വെട്ടിക്കുറച്ചു.
ഇതോടെ രാത്രി സമയത്ത് കോട്ടയം-കുമളി റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. കോട്ടയത്തു നിന്നും കുറവിലങ്ങാട്, പാലാ, ചേർത്തല, കോഴഞ്ചേരി തുടങ്ങിയ സർവീസുകളും സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ മുടങ്ങിയിരിക്കുകയാണ്. രാത്രി ഒന്പതിനു ശേഷം പാലായ്ക്ക് ഓർഡിനറി ബസുകൾ ഇല്ലാത്ത അവസ്ഥയാണ്. കോട്ടയം-കുറവിലങ്ങാട് റൂട്ടിൽ ഓർഡിനറി സർവീസുകൾ മുടങ്ങിയതോടെ വിദ്യാർഥികളാണ് ഏറെയും വലയുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുള്ള ഗ്രാമീണ സർവീസുകളും സിംഗിൾ ഡ്യൂട്ടി സന്പ്രദായം ഏർപ്പെടുത്തിയതോടെ നിലച്ചിരിക്കുകയാണ്. ഇതോടെ മലയോര മേഖലയിൽ യാത്രാക്ലേശം രൂക്ഷമായ സാഹചര്യമാണ്. നിസാരമായ സ്പെയർ പാർട്സുകളില്ലാത്തതിന്റെ പേരിലാണ് നിരവധി ബസുകൾ മുടങ്ങുന്നത്. സർവീസ് വെട്ടിക്കുറയ്ക്കൽ കാരണം 12 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടാകുന്നത്.