തിരുവല്ല: മഹാപ്രളയത്തിനുശേഷം നദികളിലെയും തോടുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത് അപ്പർകുട്ടനാടൻ മേഖലയെ ആശങ്കയിലാഴ്ത്തുന്നു.ഒരു മാസം മുമ്പ് കരകവിഞ്ഞൊഴുകിയ പമ്പ, മണിമല നദികളും അനുബന്ധ തോടുകളും അനുദിനം വറ്റി വരളുകയാണ്.
ജലാശയങൾ വരളുന്നതിനൊപ്പം പ്രദേശത്തെ കിണറുകളും വറ്റുന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. പൊതുവെ ഏപ്രിൽ മാസത്തോടെ മാത്രം വറ്റാറുള്ള കിണറുകൾ പലതും ജലനിരപ്പ് ഏറെ താഴ്ന്ന് വെള്ളം കലങ്ങിമറിഞ്ഞ നിലയിലായിട്ടുണ്ട്. കിണർജലത്തിനു ചുവപ്പുനിറവും കണ്ടുവരുന്നു.
ഇരുന്പിന്റെ അംശം കൂടുതലായി കലർന്നതാണ് വെള്ളത്തിന്റെ നിറംമാറ്റത്തിനു കാരണമെന്നാണ് നിഗമനം.തുലാവർഷം ശക്തമായില്ലെങ്കിൽ ഡിസംബർ മാസത്തോടെ മേഖല കൊടും വരൾച്ചയാകും നേരിടേണ്ടി വരിക. ജില്ലയിലെ പ്രധാന നെല്ലറയായ അപ്പർകുട്ടനാട്ടിലെ നെൽപ്പാടങ്ങളും വരൾച്ചാ ഭീഷണിയിലാണ്.
പാടശേഖരങ്ങളിലേക്ക് വെള്ളമെത്തേണ്ട ജലാശയങ്ങൾ വരളുന്നത് നവംബർ അവസാന വാരത്തോടെ കൃഷിയിറക്കേണ്ട നെൽകർഷകർക്ക് ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ജലനിരപ്പ് ഇത്തരത്തിൽ താഴ്ന്നാൽ കൃഷി മുടങ്ങുമെന്ന ആശങ്കയും കർഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
പ്രളയത്തിൽ തകർന്ന ബണ്ടുകൾ പുനർനിർമിക്കുകയെന്ന ശ്രമകരമായ ജോലിയും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. വാഴ അടക്കമുള്ള മറ്റ് കൃഷികൾക്കും വരൾച്ച പ്രശ്നം സൃഷ്ടിച്ചേക്കും.