ആലപ്പുഴ: കെ.സി. വേണുഗോപാലിനും എ.എ. ഷുക്കൂറിനുമെതിരെ രൂക്ഷവിമർശനവുമായി രാജിവച്ച കൗണ്‍സിലർ. ഇരുനേതാക്കളും ചേർന്ന് ആലപ്പുഴയിലെ കോണ്‍ഗ്രസ് പാർട്ടിയെ കുഴിച്ചു മൂടിയിരിക്കുകയാണെന്നും രാജിവച്ച കൗണ്‍സിലർ ബി. മെഹബൂബ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഭരണമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാർലമെൻററി പാർട്ടിയിൽ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ചിലയാളുകളുടെ ആഗ്രഹങ്ങളും സങ്കല്പങ്ങളുമാണ് ധാരണയെന്ന പേരിൽ പറയുന്നത്.
തോമസ് ജോസഫിൻറെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തെ അട്ടിമറിക്കാനായി കോണ്‍ഗ്രസിലെ ചില നേതാക്കളും ലീഗ് നേതാക്കളും ചേർന്നു നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് താൻ രാജിവച്ചത്. പാർട്ടിയിൽ നിന്ന് തന്നെ പുറത്തുചാടിക്കണമെന്ന ചില നേതാക്കളുടെ ആഗ്രഹത്തിൻറെ ഫലമായാണ് നിലവിലുണ്ടായ സംഭവ വികാസങ്ങൾ. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡൻറിനെ നോക്കി നിർത്തി കെ.സി. വേണുഗോപാലും ഷുക്കൂറുമാണ് പാർട്ടി നേതൃത്വം കൈയാളുന്നത്.
ഇവരെ പ്രസാദിപ്പിച്ചാൽ മാത്രമേ കോണ്ഗ്രസിനുള്ളിലെന്തെങ്കിലും നേടാൻ കഴിയുവെന്നതാണ് അവസ്ഥ. ഇതുവരെ ഈ കാര്യങ്ങൾ പുറത്തുപറയാതിരുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായതിനാലാണ്. പാർട്ടി അംഗത്വം രാജിവച്ച നിലയ്ക്കാണ് ഈ കാര്യങ്ങൾ പറയുന്നത്. എംപി, എംഎൽഎ എന്ന നിലകളിൽ കെ.സി. വേണുഗോപാൽ ആലപ്പുഴയ്ക്കായി യാതൊരു വികസന പ്രവർത്തനവും ചെയ്തിട്ടില്ലെന്നും മെഹ്ബൂബ് ആരോപിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിൻറെ പ്രതിഫലനമുണ്ടാകുമെന്നും മെഹബൂബ് പറഞ്ഞു. തന്നെ പുറത്താക്കുന്നതിന് വേണ്ടി മറ്റ് രണ്ടു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാ·ാരെയും ബലിയാടുകളാക്കുകയായിരുന്നു. കൗണ്‍സിലർമാരിൽ ഭൂരിഭാഗത്തിൻറെയും പിന്തുണ തനിക്കുണ്ടെന്നും ജനങ്ങൾ ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിനു വേണ്ടിയാണോ കൗണ്‍സിലർ സ്ഥാനം രാജിവച്ചതെന്ന ചോദ്യത്തിന് അധികാരത്തോടു തനിക്ക് അയിത്തമില്ലെന്നായിരുന്നു മെഹബൂബിൻറെ മറുപടി.