ഗ്വാളിയോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ചിത്രങ്ങൾ പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമിച്ച വീടുകളിൽനിന്നു നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേതാക്കൻമാരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി നടപടി. നേതാക്കൻമാരുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
പദ്ധതിയുടെ ലോഗോ മാത്രം ഉപയോഗിക്കാമെന്നും കോടതി ഉത്തരവിട്ടു. വീടുകളിൽനിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തതായി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.